കൊച്ചി: മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി മാറ്റിയെന്ന് വിജിലന്‍സ്. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട പണമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.
പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്നും ലഭിച്ച തുക, വെളുപ്പിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചുള്ള ഹരജി ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് വിജിലന്‍സിന്റെ വിശദീകരണം നൽകിയത്. പത്രത്തിന്റെ രണ്ടു അക്കൗണ്ടുകളിലേക്കാണ് പത്തു കോടി രൂപ എത്തിയതെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടത്താൻ സര്‍ക്കാരിന്റെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണെന്നും വിജിലന്‍സ് അറിയിച്ചു.