ജെ എൻ യു വിദ്യാർത്ഥികൾക്ക് നേരെ പോലീസിന്റെ ഇരുട്ടടി.
അഡ്മിൻ
മൂന്നാഴ്‌ചയായി സമരം ചെയ്യുന്ന ജെ എൻ യു വിദ്യാർത്ഥികൾക്ക് നേരെ തെരുവ് വിളക്ക് ഓഫ് ചെയ്‌ത് പോലീസിന്റെ ക്രൂരമർദ്ദനം. ഫീസ്‌വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം ചെയ്യുന്നത്. ജെ എൻ യുവിൽ വിദ്യാർഥികളെ പൊലീസ് തല്ലിച്ചതയ്ക്കുന്നത് ഒരാഴ്‌ചയ്‌ക്കിടെ രണ്ടാം തവണയാണ്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സേനകളെ ഉപയോഗിച്ചുള്ള വിദ്യാർത്ഥി വേട്ട ബി ജെ പി നേതൃത്വത്തിന്റെ അറിവോടെ ആണ്.
മൂന്നാഴ്‌ചയായി സമരത്തിലുള്ള വിദ്യാർഥികളോട് വൈസ് ചാൻസലർ എം ജഗദീഷ് കുമാർ ഇതുവരെയും ചർച്ചയ്‌ക്ക് തയ്യാറായിട്ടില്ല. വൈസ് ചാൻസലറുടെ പിറകിൽ ബി ജെ പി നേതാക്കൾ ഉണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. നവംബർ 11ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാലിനെ ആറ് മണിക്കൂർ വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചിരുന്നു. തുടർന്ന് ഉപകരണങ്ങളെ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ ക്രൂരമായി മർദ്ദിച്ചു. ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും ക്രൂരമര്‍ദനമേറ്റപ്പോഴൊന്നും വിദ്യാർത്ഥികൾ പിറകോട്ട് പോയില്ല.
ചർച്ച സാധ്യമാക്കാമെന്ന ഉറപ്പ് നൽകി വിദ്യാർത്ഥികളുടെ പ്രതിരോധത്തിൽ നിന്നും രക്ഷപ്പെട്ട കേന്ദ്രമന്ത്രി, ഒരാഴ്ച പിന്നിട്ടിട്ടും ഉറപ്പ് പാലിക്കാതെ വന്നപ്പോഴാണ് തിങ്കളാഴ്ച വീണ്ടും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. ഒന്നിലേറെ തവണ പാർലമെന്റിലേക്ക് മാർച്ച് ചെയ്‌ത വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചു. ജോർബാഗിൽവരെയെത്തിയ പെൺകുട്ടികളടങ്ങുന്ന സംഘം രാത്രി റോഡ് ഉപരോധിക്കുന്നതിനിടെ തെരുവുവിളക്കുകൾ അണച്ചാണ് മർദിച്ചത്.
തിങ്കളാഴ്‌ച വൈകിട്ട് മാനവവിഭവശേഷി മന്ത്രാലയം ചർച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ച് യൂണിയൻ പ്രസിഡന്റ് ഐഷിഘോഷടക്കമുള്ള നാല് ഭാരവാഹികളെ പൊലീസ് കൂട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾ പലവഴികളിൽ ചുറ്റിക്കറക്കിയശേഷം ജോർബാഗിലെത്തിച്ച ഇവരോട് വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ നിർദേശിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. രാത്രിവൈകിയതിനാൽ ചർച്ചയില്ലെന്നും അറിയിച്ചു. ഇതിന് വിദ്യാർഥികൾ വഴങ്ങാതിരുന്നതോടെയാണ് ക്രൂരമായി മർദിച്ചത്.
രാജ്യവ്യാപകമായി ഫീസ് വർധന നടപ്പാക്കുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസത്തിനായി പ്രതിരോധം തീർക്കുകയാണ് ജെ എൻ യു വിദ്യാർഥികളെന്ന് യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു. ജനാധിപത്യഅവകാശങ്ങൾ വിലക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ജെ എൻ യു അധ്യാപക അസോസിയേഷൻ പ്രസ്താവനയിറക്കി.