അയോധ്യഭൂമി തർക്കത്തിൽ സുപ്രീംകോടതി വിധിയിൽ നീതി പൂർണമായി നടപ്പായില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വസ്‌തുതകൾക്കല്ല, വിശ്വാസത്തിനാണ് വിധിയിൽ മേൽക്കൈ ലഭിച്ചത്. നിയമവാഴ്‌ച ലംഘിച്ചെന്ന് കോടതിതന്നെ കണ്ടെത്തിയവർക്ക് സ്ഥലമാകെ നൽകി–- പൊളിറ്റ്‌ബ്യൂറോ യോഗതീരുമാനങ്ങൾ വിശദീകരിക്കെ യെച്ചൂരി പറഞ്ഞു.
ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കുമെന്നും ഭൂമിതർക്കക്കേസിൽ വിധി പ്രസ്‌താവന മതനിരപേക്ഷ ചട്ടക്കൂടിൽനിന്നായിരിക്കണമെന്നും ഭരണഘടനാബെഞ്ച് വ്യക്തമാക്കുന്നു. എന്നാലും ഒരുപക്ഷത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്തിമവിധി. ഹർജിക്കാരെ പരാമർശിക്കുമ്പോൾ ഹിന്ദുക്കളും മുസ്ലിങ്ങളുമായി വിശേഷിപ്പിച്ച് വിഷയത്തിന്റെ തലം മാറ്റി.
ബാബ്‌റി മസ്‌ജിദ് 1992 ഡിസംബറിൽ തകർത്തത് ഗുരുതര നിയമലംഘനമാണെന്ന് വിധിയില്‍ പറയുന്നു. കുറ്റകരമായ ഈ പ്രവൃത്തിക്ക് ഉത്തരവാദിയായവര്‍ക്കുതന്നെ സ്ഥലം വിട്ടുകൊടുത്തു. 1989ൽ ഹർജി നൽകിയത് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്നു. ഇതേ സംഘടനയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭമാണ് ബാബ്‌റി മസ്‌ജിദിന്റെ തകർച്ചയ്‌ക്ക് വഴിതെളിച്ചത്. പള്ളിയിൽ 1949 ഡിസംബറിൽ അനധികൃതമായി കടന്ന് വിഗ്രഹം സ്ഥാപിച്ചത് നിയമവിരുദ്ധമായ നടപടിയാണെന്നും വിധിയിൽ പറയുന്നു.
ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന ഹിന്ദുത്വശക്തികളുടെ വാദം സ്ഥാപിക്കാൻ വേണ്ട തെളിവൊന്നും ലഭിച്ചിട്ടില്ല. 1528 മുതൽ 1857 വരെ ബാബ്‌റി മസ്‌ജിദ് മന്ദിരത്തിന്റെയാകെ അവകാശം മുസ്ലിങ്ങൾക്കുമാത്രമായിരുന്നെന്ന് ഉറപ്പിക്കാൻ വേണ്ട തെളിവുകളും ഇല്ലെന്നും വിധിയില്‍ പറയുന്നു. എന്നാൽ, 1528ൽ നിർമിച്ചതുമുതൽ 1856ൽ അവധ് രാജ്യം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാകുന്നതുവരെ മൂന്ന് നൂറ്റാണ്ട് മസ്‌ജിദ് മുഗൾ രാജാക്കന്മാരുടെയും അവധ് നവാബുമാരുടെയും കൈവശമായിരുന്നു. 1857നുമുമ്പ് തർക്കം ഇല്ലാതിരുന്നത് അക്കാലത്ത് മുസ്ലിങ്ങൾക്കുമാത്രമായി അവകാശം ഉണ്ടായിരുന്നില്ലെന്നതിനു തെളിവല്ല. മറുവശത്ത് ഹിന്ദുക്കൾ തുടർച്ചയായി കൈവശാവകാശം ഉന്നയിച്ചത് വിശ്വാസത്തിന്റെമാത്രം അടിസ്ഥാനത്തിലായിരുന്നു.രാജ്യത്ത് 1947 ആഗസ്‌ത് 15ന് നിലനിന്ന സ്ഥിതിയിൽനിന്ന് ആരാധനാലയങ്ങളെ മാറ്റിമറിക്കരുതെന്ന 1991ലെ
ആരാധനാലയനിയമം കോടതി ഉയർത്തിപ്പിടിക്കുന്നുണ്ട്. അതേസമയം, കാശിയിലും മഥുരയിലും ഭാവിയിൽ തർക്കങ്ങൾ ഉയരുന്നതിനുള്ള സാധ്യത ഇല്ലാതാക്കാൻ കോടതി തയ്യാറായില്ല. കാശിയും മഥുരയും തൽക്കാലം അജൻഡയിൽ ഇല്ലെന്നുമാത്രമാണ് ആർഎസ്‌എസ് തലവൻ പറഞ്ഞത്. മസ്‌ജിദ് തകർത്ത കേസിലെ പ്രതികളെ വിചാരണചെയ്‌ത് ശിക്ഷിക്കാൻ സുപ്രീംകോടതി വിധി ഇടയാക്കണമെന്നും യെച്ചൂരി പറഞ്ഞു.