വീണ്ടും ദുരഭിമാനക്കൊല

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ അയൽവാസിയുമായുള്ള പ്രണയത്തിൽ ക്ഷുഭിതനായ അച്ഛൻ മകളെ ഷോക്കടിപ്പിച്ച ശേഷം കഴുത്തറുത്തു കൊലപ്പെടുത്തി. പൂജയെന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ അച്ഛൻ ഹരിവംശ് കുമാരിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ അമ്മയും നാലു സഹോദരന്മാരും ഗുരുഗ്രാമിലെ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. ഷൊക്കേൽപ്പിച്ച ശേഷം മരണം ഉറപ്പാക്കാൻ കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി അയൽവാസിയായ ഗജേന്ദ്രനുമായി പൂജ സംസാരിച്ചുനിൽക്കുന്നത് കണ്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് ഹരിവംശ് പൊലീസിന് മൊഴി നൽകി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ മാത്രം ഒന്നര മാസത്തിനിടെ ഉണ്ടാകുന്ന 23-മത്തെ ദുരഭിമാനക്കൊലയാണിത്. സംഭവത്തിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ പ്രതികരിക്കാൻ തയ്യാറായില്ല.

19-Nov-2019