മകൻ അമ്മയെ കൊന്നു, വേലക്കാരി ആഭരണം മോഷ്ടിച്ചു

മാനസികാസ്വാസ്ഥ്യമുള്ള മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആറ്റുകാൽ ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിനു സമീപം കല്ലുവിള പുത്തൻ വീട്ടിൽ ടി. സി. 22/1068ൽ ഗോമതിയാണ് മരിച്ചത്. മകന്റെ മർദ്ദനത്തെ തുടർന്ന് ഗോമതി അബോധാവസ്ഥയിലായപ്പോൾ മാല മോഷ്ടിച്ചെന്ന കേസിൽ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് ആറ്റുകാൽ കല്ലുവിള പുത്തൻവീട്ടിൽ ബീന (42)യെയാണ് മോഷണക്കേസിൽ അറസ്റ്റുചെയ്തത്.

നവംബർ ഒന്നിനായിരുന്നു വഴക്കുപറഞ്ഞതിൽ പ്രകോപിതനായി മകൻ രജികുമാർ ഇവരെ കല്ലുകൊണ്ട് തലയ്ക്കടിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗോമതി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഗോമതി അടിയേറ്റ് തലപൊട്ടിക്കിടക്കുമ്ബോൾ ഇവർ മാല മോഷ്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്. അമ്മയെ അടിച്ച ശേഷം മുറിയിൽ കയറിയ രജികുമാറിനെ പൂട്ടിയിട്ട് ഗോമതിയുടെ മാല ബീന ഊരിയെടുത്തെന്നാണ് കേസ്.

ഗോമതി ദിവസങ്ങളോളം അബോധാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. കൊലപാതകശ്രമത്തിനു കേസെടുത്ത് രജികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോമതി മരിച്ചശേഷം മകൾ നൽകിയ പരാതി അന്വേഷിച്ചപ്പോഴാണ് മാല മോഷണം കണ്ടെത്തിയത്. രജികുമാർ മാത്രമല്ല ഗോമതിയെ ആക്രമിച്ചതെന്ന് പോലീസിനു സംശയമുണ്ട്. ബീനയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ഫോർട്ട് പോലീസ് ഇൻസ്പെക്ടർ എ. കെ. ഷെറിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

19-Nov-2019