ദേശീയ സാമ്പിള്‍ സര്‍വെ സംഘടന റിപ്പോര്‍ട്ടുകൾ പുറത്ത് വിടണം .

ന്യൂ ഡെൽഹി: ദേശീയ സാമ്പിള്‍ സര്‍വെ സംഘടന (എന്‍എസ്എസ്ഒ) അംഗീകരിച്ച പഠന റിപ്പോര്‍ട്ടുകളും വസ്തുതകളും പുറത്തുവിടണമെന്ന് വിദഗ്ദ്ധർ. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സാമ്പത്തിക വിദഗ്ദ്ധരടക്കം ഇരുനൂറില്‍ വിദഗ്ധരാണ് ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.  ഇത് ആദ്യമായല്ല എന്‍എസ്എസ്ഒയുടെ സര്‍വെ റിപ്പോര്‍ട്ടുകള്‍ യഥാസമയം പ്രസിദ്ധീകരിക്കാതെ മോഡി സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുന്നത്. 017-18 ലെ ഉപഭോക്തൃ ചെലവുകള്‍ സംബന്ധിച്ച സര്‍വെ റിപ്പോര്‍ട്ട് ‘വസ്തുതകളുടെ മേന്മ’യുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നതു   മോഡി സർക്കാർ തടഞ്ഞിരുന്നു.കൂടാതെ  കഴിഞ്ഞ വര്‍ഷത്തെ ആനുകാലിക തൊഴില്‍ ശക്തി സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണവും മോഡി സര്‍ക്കാര്‍  ഇതേരീതിയിൽ തടയുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം   സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിടുകയുമാണുണ്ടായത്. അന്ന് സർക്കാരിന്റെ ഈ നിലപാടിനെയെതിർത്തുകൊണ്ട്   ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനിലെ രണ്ടംഗങ്ങള്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു.

കൂടാതെ 75-ാമത് ഉപഭോക്തൃ ചെലവു സംബന്ധിച്ച സര്‍വേ റിപ്പോര്‍ട്ട്,  ശുചിത്വനിലവാരം, 76-ാമത് കുടിവെള്ളം,, ആരോഗ്യ പരിപാലനാവസ്ഥ, പാര്‍പ്പിട സൗകര്യം എന്നിവയെപ്പറ്റിയുള്ള സര്‍വെ റിപ്പോര്‍ട്ട്, ത്രൈമാസ സമകാലീന തൊഴില്‍ ശക്തി സര്‍വെ റിപ്പോര്‍ട്ട് എന്നിവയും  കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുകയുണ്ടായി.   എന്നാൽ  ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ചു സമാഹരിക്കുന്ന ഈ സ്ഥിതിവിവര കണക്കുകള്‍ തടയുന്നത് പൗരാവകാശ ലംഘനമാണെന്നും അത് ഭരണ നിര്‍വഹണത്തില്‍ അനിവാര്യമായ സുതാര്യത പൊതുജനങ്ങള്‍ക്ക് നിഷേധിക്കുന്ന നടപടിയാണെന്നും വിലയിരുത്തുന്നു. ഇത്തരം വസ്തുതകളില്‍ പാകപ്പിഴകളോ തെറ്റോ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നതിനും അവ ഖണ്ഡിക്കുന്നതിനുമുള്ള അവകാശം ഭരണകൂടത്തിനുണ്ട്. ദാരിദ്ര്യം, സാമ്പത്തിക അസന്തുലിതാവസ്ഥ എന്നിവ നിരീക്ഷിക്കുന്നതിനും അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ ആ­രായുന്നതിലും അത്തരം സര്‍വെകള്‍ക്ക് സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുള്ളത്. എന്‍‍എസ്എസ്ഒയുടേതടക്കം സര്‍വെ റിപ്പോര്‍ട്ടുകള്‍ തടഞ്ഞുവയ്ക്കുന്നത് ഭരണകൂട പരാജയങ്ങള്‍ മറച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോ­ടെയാണ്. നോട്ട് നിരോധനം, ചരക്ക് സേവന നികുതി തെറ്റായ സാമ്പത്തിക നയങ്ങള്‍ എന്നിവ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ആകെമാനം തകർത്ത തീരുമാനങ്ങളായിരുന്നു. രാജ്യത്തെയും ലോകത്തെതന്നെയും പ്രമുഖങ്ങളായ സാമ്പത്തിക ഏജന്‍സികള്‍ തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ രാജ്യത്തെ  സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയും അത് തൊഴിലില്ലായ്മയും ദാരിദ്ര്യവുമടക്കം ജനജീവിതത്തിലുണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും വിവരിക്കുന്നുണ്ട്. എന്നാൽ മോഡിസര്‍ക്കാരാവട്ടെ അവയെല്ലാം നിരന്തരം നിഷേധിക്കുകയാണ്. മ്പദ്ഘടനയുടെ പ്രശ്നങ്ങള്‍ കണ്ടെത്താനും അവ ജനജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉതകുന്ന ഭരണകൂട നടപടികള്‍ ആവിഷ്കരിക്കാനും സര്‍വെ റിപ്പോര്‍ട്ടുകള്‍‍ പരസ്യപ്പെടുത്തിയേ മതിയാവു. എന്നാൽ ഇതെല്ലം മറച്ചുവച്ചു രാജ്യത്തെ കൂടുതൽ കൂടുതൽ പ്രതിസന്ധികളിലേക്കു മോഡി സർക്കാർ തള്ളിവിടുകയാണ്‌.

22-Nov-2019