മരണമില്ലാത്ത യൗവനങ്ങളെ നെഞ്ചോട് ചേർത്ത് ഒരു നാട്

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ഓര്‍മകള്‍ക്ക് ഇന്നേക്ക് 25 വയസ്സ്. അനശ്വര രക്തസാക്ഷികള്‍ കെ കെ രാജീവന്‍, കെ വി റോഷന്‍, ഷിബുലാല്‍, സി ബാബു, കെ മധു എന്നിവരുടെ ജീവത്യാഗത്തിനിടയാക്കിയ പോരാട്ടത്തിന്റെ സ്മരണകളാണ് ഇപ്പോള്‍ പുതുക്കപ്പെടുന്നത്.

തീയുണ്ടകള്‍ക്കും തോല്‍പ്പിക്കാനാവാത്ത യുവജന മുന്നേറ്റത്തിന്റെ കനലാളുന്ന സ്മരണയില്‍ കൂത്തുപറമ്പ് സമരഭൂമിയില്‍ ഇന്ന് പതിനായിരങ്ങള്‍ സംഗമിക്കും. ബലികുടീരങ്ങളില്‍നിന്നുള്ള ദീപശിഖ തിങ്കളാഴ്ച സമരഭൂമിയില്‍ ജ്വലിപ്പിക്കും. കൂത്തുപറമ്പ് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിന് അനുസ്മരണ സമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസക്കച്ചവടത്തില്‍ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ 1994 നവംബര്‍ 25ന് പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് അഞ്ചുപേര്‍ രക്തസാക്ഷികളായത്. ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ 25 വര്‍ഷമായി കിടപ്പിലാണ്. മറ്റു പലര്‍ക്കും വെടിയേറ്റു. ഇരുനൂറിലേറെപ്പേര്‍ ഭീകര മര്‍ദനത്തിനിരയായി.

കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് ശാഖ ഉദ്ഘാടനംചെയ്യാന്‍ മന്ത്രി എം വി രാഘവനെത്തിയപ്പോള്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കുനേരെയായിരുന്നു ക്രൂരമായ ലാത്തി ചാര്‍ജ്ജും വെടിവയപ്പും നടന്നത്.

 

25-Nov-2019