ഷൈൻ നിഗത്തിനെതിരെ ഖാപ്പ് പഞ്ചായത്ത് കൂടേണ്ടെന്ന് സോഷ്യൽ മീഡിയ

പ്രശ്‌സ്ത സിനിമാ താരം ഷൈന്‍ നിഗത്തിനെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കി കൊണ്ടുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിക്കെതിരെ കടുത്ത എതിര്‍പ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത് മലയാള സിനിമാ വ്യവസായത്തിന് ഭീഷണിയാകുംവിധം യുവനടന്‍മാരില്‍ അച്ചടക്കമില്ലായ്മ വര്‍ധിച്ചെന്നും അതിലേക്ക് നയിക്കുന്നത് ചിലരുടെ മയക്കുമരുന്ന് ഉപയോഗമാണെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത് മുന്‍വിധിയോടെ ചാപ്പ കുത്താനാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ഏകപക്ഷീയമായ വേട്ടയാണ് ഷൈന്‍ നിഗത്തിനെതിരെ ഉയരുന്നത് എന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്. രണ്ട് ഭാഗത്തിന്റെയും അഭിപ്രായം കേള്‍ക്കാതെ ഷൈനിനെ കുറ്റക്കാരനാക്കാനുള്ള ശ്രമമാണ് നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നാണ് ആക്ഷേപം. ഖുര്‍ബാനി സിനിമക്ക് വേണ്ടി മുടി വെട്ടി ജെല്‍ പുരട്ടി മേക്ക്ഓവര്‍ ചെയ്‌തെടുത്ത ഫോട്ടൊ, ഷൈന്‍ നിഗം വാട്‌സപ്പ് സ്റ്റാറ്റസ് ആയി ഇട്ടപ്പോള്‍ അത് കണ്ട് തെറ്റിദ്ധരിച്ച് വെയില്‍ സിനിമയുടെ നിര്‍മ്മാതാവ് ഷൈനെയും നടന്റെ അമ്മയേയും തെറി വിളിക്കുകയായിരുന്നു എന്ന വ്യാഖ്യാനവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. പിതാവ് അകാലത്തില്‍ മരണപ്പെട്ട ഷൈനിന്റെ അമ്മയും പെങ്ങളും നടന്റെ സംരക്ഷണയിലാണ് കഴിയുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഏതോ ഒരു വ്യക്തി ഉമ്മയെ വിളിച്ച് തെറി പറഞ്ഞത് ഷൈനിനെ പ്രകോപിതനാക്കുകയായിരുന്നു. ഇങ്ങനെയാണ് ഈ വിവാദം തുടങ്ങുന്നത്.

ഈ വിഷയം സിനിമ സംഘടനകള്‍ ഇടപെട്ട് പറഞ്ഞ് തീര്‍ത്തപ്പോള്‍ വെയില്‍ സിനിമയുടെ പ്രവര്‍ത്തകര്‍ ആവശ്യപെട്ടത് ഷൈനിന്റെ പതിനഞ്ച് ദിവസത്തെ ഡേറ്റ് ആണ്. ഷൈന്‍ ഡേറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍, പതിനഞ്ച് ദിവസം കൊണ്ട് ഷൂട്ടിംഗ് തീരില്ല എന്ന് മനസിലായപ്പോള്‍ അവര്‍ ഷൈനെകൊണ്ട് ഓവര്‍ ടൈം പണി എടുപ്പിക്കുകയായിരുന്നു എന്നാണ് സൂചനകള്‍. രാത്രിയും പകലുമൊക്കെ ഫുള്‍ ടൈം ഷൂട്ടിംഗ് നീണ്ടപ്പോള്‍ തന്നോട് പ്രതികാരം ചെയ്യുന്ന നടപടിയായാണ് ഷൈന്‍ അതിനെ നോക്കി കണ്ടത്. തുടര്‍ന്നാണ് ഷൂട്ടിംഗിനിടയില്‍ ഷൈന്‍ ഇറങ്ങി പോയത്. അതാണ് രണ്ടാമത്തെ സംഭവം.

ഈ രണ്ട് വിഷയങ്ങളും വിലയിരുത്തുമ്പോള്‍ ഷൈന്റെ ഭാഗത്ത് ന്യായം കാണാനാവും. എന്നാല്‍, ഷൈന്റെ ഭാഗത്ത് പിഴവുകള്‍ ഉണ്ട്. 'താര സംഘടന' ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയ പ്രശ്‌നം വീണ്ടും ഉരുത്തിരിഞ്ഞപ്പോള്‍ വീണ്ടും സംഘടനയെ സമീപിച്ച് പ്രശ്‌നം പരിഹരിക്കാനാവുമായിരുന്നു. അത് ചെയ്യാതെ സിനിമാ ഷൂട്ടിംഗ് പൂര്‍ണ്ണമായും നിര്‍ത്തി വെക്കേണ്ടുന്ന നിലയില്‍ ഷൈന്‍ മുടി മുറിക്കുകയായിരുന്നു. അതിലൂടെ ഒരു ചര്‍ച്ചയ്ക്കുള്ള സാധ്യത പോലും ഷൈന്‍ അടച്ച് കളയുകയായിരുന്നു. ഒരു തരത്തിലും നീതീകരിക്കാന്‍ പറ്റാത്ത പെരുമാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അടിസ്ഥാനപരമായി മലയാള സിനിമ നായകന് ചുറ്റും കറങ്ങുന്ന ഒന്നാണ്. നായകനെ ചുറ്റിപറ്റിയാണ് കാശിറക്കുന്ന നിര്‍മ്മാതാവ് മുതല്‍ ലൈറ്റ് ബോയ് വരെ ഉള്ളവരുടെ ജീവിതം. ആ വസ്തുത മനസിലാക്കി ഉത്തരവാദിത്തം നിറവേറ്റാനുള്ള ബാധ്യത ഷൈന് ഉണ്ടായിരുന്നു. ജോബി വെറും ഒരു നിര്‍മ്മാതാവ് മാത്രമല്ല, പല നിര്‍മ്മാതാക്കള്‍ക്കും ഫൈനാന്‍സ് ചെയ്യുന്ന, മലയാള സിനിമ ഇന്റസ്ട്രിയില്‍ വളരെ പിടിപാടുള്ള ഒരു വ്യക്തിയാണ്. ഷൈനെ വെറുമൊരു 'കഞ്ചന്‍ ചെക്കനായി'് എഴുതി തള്ളുന്നത് ഒരു പൊതുബോധ നിര്‍മ്മിതി ഷൈനിനെതിരെ കൊണ്ടുവരാനുള്ള ജോബിയുടെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. അത് പ്രാവര്‍ത്തികമായിട്ടുമുണ്ട്.

നിര്‍മ്മാതാക്കള്‍ക്ക് വേണ്ടെങ്കില്‍ പ്രോജക്റ്റ് ഉപേക്ഷിക്കാമെന്നും ഷൈനെ അവരുടെ ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കാമെന്നും അതല്ലാതെ 'ഖാപ്പ് പഞ്ചായത്ത്' കൂടി ഷൈനെ വിലക്കുന്ന തീരുമാനമൊക്കെ കയ്യില്‍ വെച്ചാല്‍ മതിയെന്നുമാണ് സോഷ്യല്‍മീഡിയ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് ഗോത്രനീതിയുടെ കാലമല്ലെന്നും ജനാധിപത്യ യുഗമാണെന്നും സോഷ്യല്‍മീഡിയ വ്യക്തമാക്കുന്നു.

സിനിമാ മേഖലയിലെ മാടമ്പിമാര്‍ സംഘടിതമായി് ഗോത്രനീതിയുടെ പടവാള്‍ വീശിയ എല്ലാവരും അതിനെ അതിജീവിച്ചിട്ടുണ്ട്. സുകുമാരന്‍, പ്രിത്വിരാജ്, വിനയന്‍, തിലകന്‍, ജഗതി തുടങ്ങിയവരെ ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയ ഉദാഹരിക്കുന്നു. ഷൈന്‍ നിഗത്തിന് സ്റ്റാര്‍വാല്യു ഉണ്ട് എന്ന് തോന്നിയാല്‍ അയാളുടെ കണ്ടീഷനുകള്‍ അംഗീകരിച്ച് ഇനിയും ആളുകള്‍ പടം പിടിക്കും പടം നല്ലതെന്ന് തോന്നിയാല്‍ പ്രേക്ഷകര്‍ ഇനിയും അയാളുടെ സിനിമ കാണുകയും ചെയ്യും. നിങ്ങളുടെ നാട്ടുകൂട്ട തീരുമാനങ്ങളൊക്കെ തല്‍ക്കാലം കയ്യില്‍ വെക്കാന്‍ ആഹ്വാനം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

29-Nov-2019