പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സഹോദരങ്ങളെന്ന് ശിവസേന മുഖപത്രമായ സാമ്നയുടെ പരാമർശം. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് സാമ്നയുടെ മുഖപ്രസംഗം. പ്രധാനമന്ത്രി ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്കു മാത്രം അവകാശപ്പെട്ടതല്ലെന്നും രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
ഇക്കാര്യം അംഗീകരിക്കുകയാണെങ്കില്‍ തങ്ങളുടെ ചിന്താഗതിയുമായി ഒത്തുപോകാത്തവരുമായി എന്തിന് മനസില്‍ ദേഷ്യം വെച്ചുപുലര്‍ത്തണം. ഡല്‍ഹി രാജ്യത്തിന്റെ തലസ്ഥാനമായിരിക്കാം. എന്നാല്‍ മഹാരാഷ്ട്രയും ബാലാസാഹേബിന്റെ മകനും ഡല്‍ഹിയിലെ ദൈവങ്ങളുടെ അടിമ അയിരിക്കില്ലെന്നും സാമ്ന മുഖപ്രസംഗത്തിൽ പരാമർശിച്ചിട്ടുണ്ട്.
വിശ്വസിച്ചാലും ഇല്ലെങ്കിലും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ശക്തമായിരിക്കും. ഛത്രപതി ശിവജി മഹാരാജ് മഹാരാഷ്ട്രയ്ക്ക് പകര്‍ന്നു നല്‍കിയ ആത്മാഭിമാനമാണ് പ്രധാനമെന്നും സാമ്‌ന മുഖപ്രസംഗതത്തിൽ പറയുന്നു.
മഹാരാഷ്ട്ര വ്യവസായത്തിലൂടെയും നികുതിയിലൂടെയും സൃഷ്ടിക്കുന്ന സമ്പത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ജവാന്മാര്‍ രാജ്യത്തിന് വേണ്ടി അതിര്‍ത്തിയില്‍ ജീവന്‍ ബലികഴിക്കുന്നുവെന്നും സാമ്‌നയുടെ മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. സഹോദര പരാമർശത്തിൽ കോൺഗ്രസ് നേതൃത്വം പ്രതികരണമൊന്നും നടത്തിയിട്ടില്ല.