തിളക്കമോടെ കേരളബാങ്ക്.

കടമ്പകള്‍ ഓരോന്നായി മറികടന്ന് കേരള ബാങ്കിന് അന്തിമാനുമതി കൈവന്നപ്പോള്‍ സര്‍ക്കാരിന്റെ മറ്റൊരു സ്വപ്‌നപദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ എല്‍ഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനത്തിനുകൂടി സാക്ഷാല്‍ക്കാരമായി. കേരള ബാങ്ക് വന്നാല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനമുണ്ടാകുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. കേരളബാങ്കിന്റെ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളും ബാങ്കിംഗ് മേഖലയെ പുനരാവിഷ്‌കരിക്കാന്‍ തയ്യാറാവുകയാണ്. പഞ്ചാബ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേരളത്തിന്റെ പാതയിലാണ്.

പലിശനിരക്ക് കുറയും

കൂടുതല്‍ കാര്‍ഷിക വായ്പ നല്കാന്‍ കേരള ബാങ്കിലൂടെ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയില്‍ നബാര്‍ഡില്‍ നിന്നും കൂടുതല്‍ പുനര്‍ വായ്പ ലഭിക്കും. നബാര്‍ഡില്‍ നിന്നും ലഭിക്കുന്ന പുനര്‍ വായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാല്‍ കര്‍ഷകര്‍ക്ക് നിലവിലെ 7 ശതമാനം എന്ന പലിശ നിരക്കില്‍ നിന്നും കുറച്ചു നല്കാനാകും. കാര്‍ഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാന്‍ സാധിക്കും.

പ്രവാസി നിക്ഷേപം സ്വീകരിക്കും

പ്രവാസി മലയാളികള്‍ ഓരോ വര്‍ഷവും നമ്മുടെ നാട്ടിലേയ്ക്ക് അയയ്ക്കുന്നത് 1.5 ലക്ഷം കോടിയോളം രൂപയാണ്. എന്നാല്‍ ചഞക നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. കേരള ബാങ്കിലൂടെ നമുക്ക് ഈ മാനദണ്ഡങ്ങളെല്ലാം പാലിയ്ക്കാന്‍ കഴിയും. പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തും. പ്രവാസി നിക്ഷേപകര്‍ക്ക് ഗുണകരമാകുന്നതിനൊപ്പം ഈ പണം കൂടുതലായി നമ്മുടെ നാട്ടില്‍ വിനിയോഗിക്കാന്‍ കഴിയുന്നതിലൂടെ വികസനമേഖലകളില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും.

ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉണ്ടാവും

സംസ്ഥാന വ്യാപകമായി ഓണ്‍ ലൈന്‍ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാന്‍ നിലവിലെ സ്ഥിതിയില്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ നിഷ്പ്രയാസം ഏര്‍പ്പെടുത്താനാകും. യുവതലമുറ ആഗ്രഹിക്കുന്ന 'ബ്രാന്‍ഡ് മൂല്യം' ആര്‍ജ്ജിക്കുന്നതിനും കേരള ബാങ്കിന് കഴിയും. ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം, ഡെബിറ്റ് കാര്‍ഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും.

ഹിഡന്‍ ഫീസുകളില്ല.

സ്വകാര്യ, ന്യൂജനറേഷന്‍, ദേശസാല്‍കൃത ബാങ്കുകള്‍ ഉപഭോക്താക്കളെ വിവിധ രീതികളില്‍ പിഴിയുകയാണ്. സേവന ചാര്‍ജുകള്‍, പിഴ എന്നീ ഇനങ്ങളില്‍ കഴിഞ്ഞ 5 ഏതാനും വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് കോടി രൂപയാണ് അവര്‍ പിഴിഞ്ഞെടുക്കുന്നത്. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കഴിഞ്ഞ 1 വര്‍ഷം അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ഇല്ല എന്ന പേരില്‍ 1772 കോടി രൂപയാണ് ജനങ്ങളില്‍ നിന്നും കൈവശമാക്കിയതെന്ന വാര്‍ത്ത നാം വായിച്ചതാണ്. ഈ കൊള്ളക്ക് ഒരു അറുതി വരുത്താന്‍ കേരള ബാങ്ക് വഴി സാധിക്കും.

പ്രാഥമിക സംഘങ്ങള്‍ക്ക് പ്രയോജനമുണ്ടാകും

കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. കേരള ബാങ്ക് നല്‍കുന്ന സാങ്കേതിക മികവുള്ള സേവനങ്ങള്‍ അവരിലൂടെ സാധാരണക്കാരായ ഗ്രാമീണ ജനതയിലും എത്തിക്കാന്‍ സാധിക്കും.

പ്രതിപക്ഷ എതിര്‍പ്പ് തുടരുന്നു.

കേരള ബാങ്ക് രൂപീകരണം എന്ത് വില കൊടുത്തും തടയുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം തിരുത്താന്‍ ഇതുവരെയും തയ്യാറായിട്ടില്ല. അദ്ദേഹം ഇക്കാര്യം ഉന്നയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയക്കുക വരെ ചെയ്തു. വ്യാജ ആരോപണ കത്തുകളും, കേസുകളുമെല്ലാം നിശ്ചയദാര്‍ഢ്യത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ അതിജീവിച്ചു. ജില്ലാ ബാങ്ക് ഭരണം നഷ്ടമാകുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് കാരണം. 14 ജില്ലാ ബാങ്കുകളില്‍ 13 എണ്ണത്തിലും ഇടതുഭരണം ഉറപ്പായിരുന്നിട്ടും കേവലം രാഷ്ട്രീയ നേട്ടത്തിന് അപ്പുറം നാടിന് വേണ്ടി നിലപാടെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞതു കൊണ്ടാണ് കേരള ബാങ്ക് എന്ന സ്വപ്നത്തിലേക്ക് കടന്നത്. പ്രതിപക്ഷത്തിന് അത്തരത്തിലുള്ള ജനപക്ഷ നിലപാടില്ലാല്ലത്തത് കൊണ്ടാണ് എതിര്‍പ്പ് തുടരുന്നത്.

കടമ്പകള്‍ കടന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുകയാണ് കേരളബാങ്ക് എന്ന സ്വപ്‌നം. 825 ശാഖകളാണ് ബാ്ങ്കിനുണ്ടാവുക. അറുപത്തായ്യായിരത്തിലധികം കോടി രൂപയുടെ നിക്ഷേപമാണ് ഇതിനുള്ളത്.
ലയന നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി ആദ്യ ജനറല്‍ബോഡി യോഗം ഡിസംബറില്‍ ചേരും. ലയനശേഷം പുതിയ ബാങ്കിന്റെ ഭരണനിര്‍വഹണത്തിനും പ്രവര്‍ത്തനമേഖലകള്‍ക്കും ആവശ്യമായ ബൈലോ ഭേദഗതി നടക്കും. കേരള ബാങ്ക് സിഇഒ ആയി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ല മാനേജര്‍ പി എസ് രാജന്‍ ജനുവരിയില്‍ ചുമതലയേല്‍ക്കും. ബാങ്കിന് പുതിയ ലോഗോ, കളര്‍സ്‌കീം എന്നിവ റിസര്‍വ്വ് ബാങ്കിന്റെ അനുമതിക്ക് വിധേയമായി പുറത്തിറക്കും. ഏതൊരു വാണിജ്യ ബാങ്കിനോടും കിട പിടിക്കുന്ന ആധുനിക ബാങ്കിംഗ് സേവനങ്ങളാണ് ലഭ്യമാക്കുക. കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നമ്മുടെ സംസ്ഥാനം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിത്തറയില്‍ നിവര്‍ന്നുനില്‍ക്കും. ജനങ്ങളെ ചൂഷണം ചെയ്യാത്ത, ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ യാഥാര്‍ത്ഥ്യമാകുക.

30-Nov-2019