കൗമാര കലോത്സവത്തിന്റെ കിരീടം പാലക്കാടിന് സ്വന്തം. 60--ാമത് സംസ്ഥാന കലോത്സവത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച, അവസാന മത്സരഫലം വരുംവരെ ആകാംക്ഷ നിറച്ചായിരുന്നു കലോത്സവം പുരോഗമിച്ചത്. രണ്ട് പോയിന്റുകളുടെ വ്യത്യാസത്തിലാണ് പാലക്കാട് ജേതാക്കളാകുന്നത്. കലോത്സവ ചരിത്രത്തിലെ പാലക്കാടിന്റെ മൂന്നാമത്തെ കിരീട നേട്ടമാണിത്.
ഒടുവില്‍ ആകെയുള്ള 239 ഇനങ്ങളുടെയും ഫലംവരുമ്പോള്‍ 951 പോയിന്റുകളുമായി പാലക്കാട് ഒന്നാമതെത്തി. ഫോട്ടോഫിനിഷിങ്ങില്‍ 949 പോയിന്റുകള്‍ വീതം നേടി കോഴിക്കോടും കണ്ണൂരും രണ്ടാംസ്ഥാനം പങ്കിട്ടു. തുടര്‍ച്ചയായ രണ്ടാംതവണയാണ് പാലക്കാട് കലാകിരീടം ചൂടുന്നത്. 940 പോയിന്റുകളുമായി തൃശൂരും 909 പോയിന്റുകളുമായി മലപ്പുറവും തൊട്ടടുത്തെത്തി.
സ്‌കൂളുകളില്‍ 161 പോയിന്റുകള്‍ നേടി പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറിയാണ് മുന്നിലെത്തി. ആലപ്പുഴ മാന്നാറിലെ എന്‍എസ് ബോയിസ് ഹൈസ്‌കൂള്‍ 130 പോയിന്റുമായി രണ്ടാമതും ഇടുക്കി കുമാരമംഗലം എംകെഎന്‍എം ഹൈസ്‌കൂള്‍ 109 പോയിന്റുകളുമായി മൂന്നാമതുമെത്തി. അടുത്തവര്‍ഷത്തെ കലോത്സവം കൊല്ലത്തതാണ് സംഘടിപ്പിക്കുക.