സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കും. നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ. രണ്ട് യാത്രക്കാരും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഇരട്ടിയാകും. വാഹനഉടമയില്‍ നിന്നാണ് പിഴയീടാക്കുക. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെല്‍മറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തീരുമാനം.
വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഹെല്‍മറ്റ് പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഡിജിപി നല്‍കിയിട്ടുണ്ട്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.
വാഹന പരിശോധന നടത്തുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത് തൊടുകയോ ലാത്തി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഡി ജി പി സര്‍ക്കുലറിലൂടെ വ്യക്തമാക്കി. വാഹനപരിശോധന ക്യാമറയില്‍ ചിത്രീകരിക്കുക കൂടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. കടയ്ക്കല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ വാഹനപരിശോധന സംബന്ധിച്ചിറക്കിയ പുതുക്കിയ സര്‍ക്കുലറിലാണ് നിര്‍ദേശങ്ങള്‍.
ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിച്ചാല്‍ ജില്ലാ പൊലീസ് മേധാവിയായിരിക്കും ഉത്തരവാദി. എസ് ഐയുടെ നേതൃത്വത്തില്‍ നാല് പേരടങ്ങുന്നതാവണം പരിശോധനസംഘം. ഒരാള്‍ പൂര്‍ണമായും വീഡിയോ ചിത്രീകരണത്തില്‍ ശ്രദ്ധിക്കണം. വര്‍ഷങ്ങളായി ഈ നിര്‍ദേശമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞ് ഒഴിവാക്കുന്ന പ്രവണത അംഗീകരിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഗതാഗതക്കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടിയെടുക്കുകയല്ലാതെ കയര്‍ക്കുകയോ അതിര് കവിഞ്ഞ് രോഷപ്രകടനത്തിന് നില്‍ക്കുകയോ പാടില്ല.
വാഹനം നിര്‍ത്താതെ പോകുന്നവരുടെ നമ്പര്‍ കുറിച്ചെടുത്ത് നോട്ടീസ് അയക്കുകയല്ലാതെ പിന്തുടരേണ്ട. ദേഹപരിശോധന നടത്തരുത്. റോഡില്‍ കയറിനിന്ന് കൈ കാണിക്കരുത്. വളവിലും തിരിവിലും ഇടുങ്ങിയ റോഡുകളിലും പരിശോധന പാടില്ല. തിരക്കേറിയ സ്ഥലങ്ങളില്‍ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്. അനാവശ്യമായി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതും വാഹനം ഓടിക്കുന്നവര്‍ക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുത്സാഹപ്പെടുത്തണമെന്നും നേരത്തേ തന്നെ നിര്‍ദേശമുണ്ട്.