കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാലു വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. 12 സ്ത്രീകളും മൂന്ന് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് മരിച്ചത്. മേട്ടുപ്പാളയത്തിനടത്ത് നാഡൂരില്‍ എഡി കോളനിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. പുലര്‍ച്ചെ 3.30 ഓടെ ആരംഭിച്ച കനത്ത മഴയില്‍ മതില്‍ വീടുകള്‍ക്ക് മേല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കല്‍ മതിലാണ് ഇടിഞ്ഞുവീണത്.
ഗുരു (45), രാമനാഥ് (20), അനന്ദകുമാര്‍ (40), ഹരിസുധ (16), ശിവകാമി (45), ഓവിയമ്മാള്‍ (50), നാദിയ (30), വൈദേഗി (20), തിലഗവതി (50), അറുകാണി (55), രുക്കുമണി (40), നിവേത (18), ചിന്നമ്മാള്‍ (70), അക്ഷയ (7), ലോഗുറാം (7) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ പേരുകള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തിരച്ചില്‍ തുടരുകയാണ്.
തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം പൊങ്ങി ജനജീവിതം താറുമാറായിട്ടുണ്ട്. നിരവധി ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഊട്ടി മേട്ടുപ്പാളയം റൂട്ടില്‍ മരപ്പാലത്തിനു സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. അടിയന്തിര സാഹചര്യം നേരിടുന്നതിന് എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.