ശബരിമല സന്നിധാനത്ത് പുലിയിറങ്ങി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സന്നിധാനത്തിന് പിന്‍വശത്തെ ബെയ്ലി പാലത്തിന് സമീപത്തെ പന്നിക്കുഴിയില്‍ പുലിയിറങ്ങിയത്. ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപെട്ട ഇരുവരും പന്നിക്കുഴിയ്ക്ക് മുകളിലുള്ള ദേവസ്വം മെസ്സില്‍ അഭയം പ്രാപിച്ചു. സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് അരവണ പ്ലാന്‍റിന് പിന്‍വശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേയ്ക്ക് നിറയൊഴിച്ച് പന്നിക്കുഴിയില്‍ ഒളിച്ച പുലിയെ വിരട്ടി തിരികെ കാടുകയറ്റുകയായിന്നു.
ദേവസ്വം മെസ്സിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന പന്നികള്‍ കൂട്ടം കൂടുന്ന ഭാഗമാണ് പന്നിക്കുഴി. പന്നിക്കുട്ടികളെ ലക്ഷ്യം വെച്ചകാം പുലിയെത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മണ്ഡല – മകരവിളക്ക് കാലം അവസാനിച്ച് സന്നിധാനവും പരിസരവും നിശബ്ദരാകുന്ന വേളകളില്‍ സന്നിധാനത്ത് പുലിയുടെയും കടുവയുടെയും സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും സീസണ്‍ സമയത്ത് ഇതാദ്യമാണെന്നാണ് ദേവസ്വം ജീവനക്കാര്‍ പറയുന്നത്.