ഹൈദരാബാദ് പോലീസ് വെടിവെച്ച് കൊല്ലൽ; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ
അഡ്മിൻ
ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളേയും പൊലീസ് വെടിവെച്ചുകൊന്ന നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയ. കക്ഷി രാഷ്ട്രീയ ഭേദമന്യേ വെടിവെച്ച് കൊന്നത് നന്നായെന്നും വെടിവെച്ച് കൊന്നത് ജനാധിപത്യ വിരുദ്ധമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ ആക്രമിച്ചപ്പോര്‍ സ്വയരക്ഷക്കായി വെടിവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 7ന് പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് െ്രെഡവറും, സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. ഇവരെ വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചിന്താകുന്ത ചെന്ന കേശവലു, ജോല്ലു ശിവ, ജോല്ലു നവീന്‍, മുഹമ്മദ് ആരിഫ് എന്നിവരാണ് പിടിയിലായിരുന്നത്. നാലുപേരും ഏറ്റുമുട്ടലിനിടയില്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് ഭാഷ്യം.
വനിതാ ഡോക്ടര്‍ വൈകിട്ട് സ്‌കൂട്ടറില്‍ ക്ലിനിക്കില്‍ എത്തുന്നത് ശ്രദ്ധിച്ച പ്രതികള്‍ പ്രദേശത്തിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് ഡോക്ടറുടെ സ്‌കൂട്ടര്‍ പഞ്ചറാക്കി. തിരിച്ച് രാത്രി ഒമ്പതോടെ പുറത്തിറങ്ങിയ ഡോക്ടറോട് സ്‌കുട്ടര്‍ പഞ്ചറൊട്ടിക്കാന്‍ സഹായിക്കാമെന്നേറ്റ് പ്രതികള്‍ സമീപിച്ചു. ഒരാള്‍ സ്‌കൂട്ടറുമായി പോയി. അതിനിടെ ഡോക്ടറെ വെളിപറമ്പിലേക്ക് തളളിയിട്ട് ബലമായി മദ്യം കുടിപ്പിച്ചാണ് ബലാത്സംഗം ചെയ്തത്. ഡോക്ടര്‍ മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രതികള്‍ യുവതിയുടെ മൃതദേഹം ട്രക്കില്‍ കയറ്റി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ചന്തന്‍പള്ളിയിലെ കലുങ്കിന് താഴെവെച്ച് പ്രതികള്‍ യുവതിയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
വെടിവെച്ച് കൊന്നവരാണ് പ്രതികളെന്ന് പറയുന്നതും അറസ്റ്റ് ചെയ്തതും പോലീസ് ആണെന്നും അതേ പോലീസ് അവരെ കൊല്ലുന്നത് വഴി യഥാര്‍ത്ഥ പ്രതികള്‍ വേറെ ഉണ്ടെങ്കില്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കപ്പെടുകയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. നീതി ന്യായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഇത്തരം നിയമം നടപ്പിലാക്കലുകള്‍ വ്യാപകമായാല്‍ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. എന്നാല്‍, ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തെ വൈകാരികമായി സമീപിക്കുന്ന എല്ലാവരും വെടിവെച്ച് കൊന്ന സംഭവത്തെ ന്യായീകരിക്കുകയാണ്.