ആകാശവിസ്മയത്തെ അടുത്തതറിഞ്ഞ് കേരളം
അഡ്മിൻ
വലയ സൂര്യഗ്രഹണമെന്ന ആകാശവിസ്മയം രാവിലെ എട്ടുമുതല്‍ ദൃശ്യമായി. 9.26നും 9.30നും ഇടയിലാണ് പൂര്‍ണഗ്രഹണം ദൃശ്യമായത്. ആ സമയം സൂര്യന്റെ 85 ശതമാനവും മറയ്ക്കപ്പെട്ടു. സൂര്യനെ ഒരു വലയമായാണ് കാണാനായത്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ പൂര്‍ണ വലയ സൂര്യഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവുമാണ് ദൃശ്യമായത്. വയനാട്ടില്‍ മേഘങ്ങള്‍ മറച്ചതിനാല്‍ പൂര്‍ണമായും ഗ്രഹണം ദൃശ്യമായില്ല.
കുട്ടികളും വിദ്യാഥികളും അടക്കം കേരളത്തില്‍ നിരവധിപേരാണ് ഗ്രഹണം ദര്‍ശിച്ചത്. ഗ്രഹണം കാണാനുള്ള ശാസ്ത്രീയ സൗകര്യങ്ങള്‍ നിരവധിപേര്‍ ഉപയോഗപ്പെടുത്തി. പലയിടത്തും പായസവിതരണവും ഉണ്ടായി. എല്ലായിടങ്ങളിലും സ്കൂളുകളുടേയും സയന്‍സ് ക്ലബുകളുടേയും മറ്റും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ എത്തുകയും ചെയ്തിരുന്നു. സൂര്യഗ്രഹണം എന്ന അപൂര്‍വ്വ പ്രതിഭാസം കാണാനും അതിനെ ശാസ്ത്രീയമായി മനസിലാക്കുന്നതിനും ഉള്ള സൗകര്യങ്ങളാണ് എല്ലായിടങ്ങളിലും ഒരുക്കിയിരുന്നത്
സൂര്യഗ്രഹണം ആദ്യം ദൃശ്യമായത് കാസര്‍കോട് ചെറുവത്തൂരിലെ കാടാങ്കോട്ടാണ്. കേരളത്തില്‍ എല്ലായിടത്തും സൂര്യന്റെ 87 മുതല്‍ 93 ശതമാനംവരെ മറയും. സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമാകുക. തെക്കന്‍ കര്‍ണ്ണാടകത്തിലും, വടക്കന്‍ കേരളത്തിലും, മദ്ധ്യ തമിഴ്നാട്ടിലും ഇന്ത്യയില്‍ വലയ ഗ്രഹണം ദൃശ്യമാകും
കേരളാ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളേജ് മൈതാനം, ചാലക്കുടി പനമ്പള്ളി മെമ്മോറിയല്‍ കോളേജ് മൈതാനം, നാദാപുരം പുറമേരി കടത്തനാട് രാജാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനം എന്നിവിടങ്ങളില്‍ സജ്ജീകരിച്ച നിരീക്ഷണകേന്ദ്രങ്ങളിലൂടെ നിരവധിപേര്‍ ഗ്രഹണം കണ്ടു. തത്സമയ ദൃശ്യം പ്രോജക്ട് ചെയ്യുകയും ശാസ്ത്ര വിദഗ്ധരുടെ ക്ലാസുകള്‍ വ്യാപകമായി സംഘടിപ്പിക്കുകയും ചെയ്തു. 2010 ജനുവരി 15ന് ആയിരുന്നു മുമ്പ് വലയഗ്രഹണം ദൃശ്യമായത്. 2031 മെയ് 21ന് ആയിരിക്കും കേരളത്തില്‍ ഈ നൂറ്റാണ്ടിലെ അവസാന ഗ്രഹണം.
ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന് വരുന്നത് മൂലം സൂര്യബിംബം മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ്, സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരം എന്നിവയിലുള്ള വ്യതിയാനങ്ങള്‍ മൂലം ഗ്രഹണസമയത്ത് ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തെക്കാള് ചെറുതായിരിക്കും. അതിനാല്‍ സൂര്യന് മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയഗ്രഹണമായി കാണുക. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ രാജ്യങ്ങളില്‍ വലയഗ്രഹണത്തിന്റെ പൂര്‍ണമായ ദൃശ്യം കാണാനാവും.
26-Dec-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ