സന്ദീപ് വാര്യരെ തള്ളി ബി ജെ പി നേതൃത്വം

നടി റിമ കല്ലിങ്കലിനെ വ്യക്തിപരമായി ആക്രമിച്ച യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യരെ തള്ളി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരോട് പക പോക്കുന്നത് ബിജെപി നയമല്ലെന്ന് രമേശ് പറഞ്ഞു. സന്ദീപിന്റെ നിലപാട് ബി ജെ പിയുടേതല്ലെന്ന് രമേശ് വ്യക്തമാക്കി.

'സിനിമാക്കാര്‍ക്ക് എതിരായ സന്ദീപ് വാര്യരാരുടെ അഭിപ്രായം വ്യക്തിപരമാണ്. ഫേസ്ബുക്കില്‍ കുറിക്കുന്നത് വ്യക്തിപരമായ നിലപാടാണ്, പാര്‍ട്ടി നിലപാടല്ല. കേന്ദ്ര സര്‍ക്കാരിനെ വിമര്ശിക്കുന്നവരോട് പക പോക്കുന്നതു ബിജെപി നയം അല്ല.' എംടി രമേശ് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷനെ ജനുവരി രണ്ടാം വാരത്തോടെ തീരുമാനിക്കുമെന്നും രമേശ് പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധം നടത്തിയ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സന്ദീപ് വാര്യര്‍ രംഗത്തു വന്നതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. പ്രതിഷേധിക്കുന്നവരെ തേടി ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്മന്റ് ഉദ്യോഗസ്ഥര്‍ വരുമെന്നും കൃത്യമായി നികുതിയടച്ചില്ലെങ്കില്‍ പിടിവീഴുമെന്നും സന്ദീപ് കുറിച്ചു. അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല എന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ഇതിനെതിരെ റിമയും ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവും രംഗത്തെത്തി. 'ചാണകത്തില്‍ ചവിട്ടില്ലെ'ന്ന് ആഷിഖ് കുറിച്ചപ്പോള്‍ 'വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം' എന്ന് റിമയും കുറിച്ചു. ഒപ്പം പവി ശങ്കര്‍ എന്ന കലാകാരന്‍ വരച്ച നടി ഫിലോമിനയുടെ 'ആരട നാറി നീ' എന്ന ഐക്കോണിക് ഡയലോഗോടു കൂടിയ ചിത്രവും റിമ പങ്കുവെച്ചിരുന്നു. ഇതാണ് സന്ദീപിനെ ചൊടിപ്പിച്ചത്. ഇതോടെ റിമക്കെതിരെ വ്യക്തിപരമായ ആക്രമണവുമായി സന്ദീപ് രംഗത്തെത്തുകയായിരുന്നു.

'റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം.' എന്നായിരുന്നു സന്ദീപിന്റെ പോസ്റ്റ്. #ShaveKanjavTeams എന്ന ഹാഷ്ടാഗും സന്ദീപ് പോസ്റ്റില്‍ ഉപയോഗിച്ചിരുന്നു.

ഇതിനു പിന്നാലെ മോഹന്‍ലാലും 'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന ടെക്സ്റ്റും ഉള്‍പ്പെടുന്ന ഒരു ചിത്രവും സന്ദീപ് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു. 'ലാലേട്ടന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്.' എന്നും ചിത്രത്തോടൊപ്പം സന്ദീപ് കുറിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താ ചാനലുകളിലൂടെയും സന്ദീപ് വാര്യര്‍ വളരുന്നതില്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തിന് അസൂയ ഉള്ളതുകൊണ്ടാണ് എം ടി രമേശ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്നാണ് സന്ദീപുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഫേസ്ബുക്കിലൂടെ ആളാവാന്‍ വേണ്ടി ഇനിയും പ്രശസ്ത വ്യക്തിത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തി നടന്നാല്‍ യുവമോര്‍ച്ചയില്‍ നിന്നും സന്ദീപിനെ പടിയിറക്കേണ്ടിവരുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം സമ്മതിക്കുന്നുണ്ട്.

26-Dec-2019