ജെ എൻ യു ആക്രമണം പ്രധാനമന്ത്രിയുടെ അറിവോടെ : കോടിയേരി

ജനാധിപത്യക്കുരുതിയും നിയമവാഴ്ചയുടെ അന്ത്യവുമാണ് ദില്ലി ജെ എന്‍ യു ക്യാമ്പസിലെ കാവി ഭീകരതയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമം കയ്യിലെടുക്കുന്ന ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ഏത് വിഭാഗം ജനങ്ങളുടെയും സമരങ്ങളേയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്താനുള്ള ഫാസിസ്റ്റ് രീതി ഭരണകൂട പിന്തുണയോടെ നടപ്പാക്കുമെന്ന മുന്നറിയിപ്പാണ് ഡല്‍ഹി സംഭവം.

ഏറ്റവും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സാര്‍വ്വദേശീയ പ്രശസ്തിയുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ജെ എന്‍ യു. അവിടെ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളേയും അധ്യാപകരേയും ഉള്‍പ്പെടെ പുറത്തുനിന്നും എത്തിയ അക്രമികള്‍ മുഖംമൂടി ആക്രമണം നടത്തിയത് ദേശീയ അപമാനമാണ്.

പ്രധാനമന്ത്രി മോഡിയുടെയും, അഭ്യന്തരമന്ത്രി അമിത്ഷായുടെയും ആര്‍.എസ്.എസ് കേന്ദ്രത്തിന്റെയും അറിവോടെ ആസൂത്രിതമായി നടന്നതാണ് നീചമായ ആക്രമണം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തല തല്ലിപ്പൊളിക്കുകയും, വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അസി.പ്രൊഫ.അമിത് പരമേശ്വരന്‍ ഉള്‍പ്പടെയുള്ള അധ്യാപകരെയും നിഷ്ഠൂരമായി ആക്രമിച്ചു.

മാരകായുധങ്ങളുമായി ഹോസ്റ്റലില്‍ കയറി ഗുണ്ടാസംഘം അഴിഞ്ഞാടുകയും ഹോസ്റ്റല്‍ കെട്ടിടം തകര്‍ക്കുകയും ചെയ്തു.മോഡി ഭരണത്തിന്റെ മൂക്കിന് താഴെ ഇത്തരം അഴിഞ്ഞാട്ടം നടന്നിട്ടും നിയമ സംവിധാനങ്ങള്‍ അനങ്ങിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നാളെ ഇതുപോലെ നേരിടും എന്ന മുന്നറിയിപ്പാണ് കാവിസംഘം നല്‍കിയിരിക്കുന്നത്.

സുപ്രീംകോടതി ഉള്‍പ്പടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെടുന്നതാണ് ജെ എന്‍ യു സംഭവം. രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ കാവി ഭീകരതയില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും കോടിയേരി ആഹ്വാനം ചെയ്തു.

06-Jan-2020