ബുധനാഴ്ച നടക്കുന്ന പൊതുപണിമുടക്ക് വിജയമാവുമെന്ന് സംയുക്ത സമര സമിതി

ബുധനാഴ്ച നടക്കുന്ന ദേശീയ പൊതുപണിമുടക്ക് സംസ്ഥാനത്ത് വൻവിജയമാകുമെന്ന് സംയുക്ത സമര സമിതി. കടകമ്പോളങ്ങളിലെ ജീവനക്കാരും വാഹന തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. ടൂറിസം മേഖലയേയും ശബരിമല തീർത്ഥാടകരേയും പണിമുടക്കിൽ നിന്നും ഒഴിവാക്കി. ബാക്കി എല്ലാ മേഖലകളിലും പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.

തൊഴിലാളികളുടെ മിനിമം വേതനം 21000 രൂപയാക്കുക, തൊഴിൽ നിയമങ്ങൾ മുതലാളി വർഗത്തിനു അനുകൂലമായി ഭേദഗതി ചെയ്യാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പൊതുപണിമുടക്ക് നടത്തുന്നത്. നിലവിലുണ്ടായിരുന്ന 44 തൊഴിൽ നിയമങ്ങൾ റദ്ദാക്കി പുതിയ കോഡുകൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നും ഇതിനെ അംഗീകരിക്കില്ലെന്നും സംയുക്ത സമരസമതി നേതാക്കൾ പറഞ്ഞു. സംസ്ഥാനത്ത് തൊഴിലാളികളും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും ബാങ്ക്-ഇൻഷ്വറൻസ് ബിഎസ്എൻഎൽ, പൊതുമേഖലാ സ്ഥാപനങ്ങളും കർഷക തൊഴിലാളികളും കർഷകരും പണിമുടക്കിൽ പങ്കെടുക്കും.

കടകമ്പോളങ്ങളിലെയും മാളുകളിലേയും തൊഴിലാളികളും പണിമുടക്കിൽ പങ്കുചേരും. വാഹനങ്ങൾ നിശ്ചലമാകുമെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ, അവശ്യ സർവീസുകളേയും ആശുപത്രികളേയും പൊതു പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് മേഖലയേയും ശബരിമല തീർത്ഥാടകരേയും പണിമുടക്കിൽ നിന്നും ഒഴിവാക്കി. കേരളത്തിൽ 19 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

06-Jan-2020