റീബില്‍ഡ് നിലമ്പൂർ കലക്ടർക്കെതിരെ പൊട്ടിത്തെറിച്ച് പി വി അൻവർ എം എൽ എ

നിലമ്പൂരിലെ പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറും പി വി അന്‍വര്‍ എം എല്‍ എയും തമ്മിലുള്ള തര്‍ക്കം തുടരുന്നു. റീബില്‍ഡ് നിലമ്പൂരിനെതിരെ കളക്ടര്‍ നടത്തിയ ആരോപണങ്ങള്‍ അഹങ്കാരത്തിന്റെ മദം പൊട്ടിയ കാഴ്ചയാണന്നും കളക്ടര്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കുമെന്നും പി വി അന്‍വര്‍ എംഎല്‍എ വ്യക്തമാക്കി.

പ്രളയ പുനരധിവാസം സംബന്ധിച്ച് അനിശ്ചിതത്വം തുടരുമ്പോഴാണ് പിവി അന്‍വര്‍ ചെയര്‍മാനായ റീ ബില്‍ഡ് നിലമ്പൂരിനെതിരെ ജില്ലാ കളക്ടര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പുനരധിവാസ പദ്ധതികളില്‍ തെറ്റായ രീതിയില്‍ കൈകടത്താനാണ് ചിലരുടെ ശ്രമമെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് കാരണം ചിലരുടെ താത്പര്യങ്ങളാണെന്നുമായിരുന്നു കളക്ടറുടെ പരോക്ഷമായ വിമര്‍ശനം. ഇതിന് മറുപടിയുമായാണ് പിവി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയത്. കളക്ടറുടെ സമീപനം അഹങ്കാരം നിറഞ്ഞാതാണെന്ന് പറഞ്ഞ പി വി അന്‍വര്‍, റീബില്‍ഡ് നിലമ്പൂരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കളക്ടര്‍ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്നും പറഞ്ഞു.

ഒരു ജനകീയ സംവിധാനത്തെ കള്ളത്തരം ആരോപിച്ച് പൊളിക്കാനാണ് കളക്ടര്‍ ശ്രമിച്ചതന്നും വീടും സ്ഥലവും നഷ്ടമായവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിക്കാത്തത് എന്ത് കൊണ്ടാണെന്നും പി വി അന്‍വര്‍ ചോദിച്ചു.

08-Jan-2020