വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനു രൂപീകരിച്ച സംസ്ഥാന സേന വിപുലീകരിക്കും
അഡ്മിൻ
സിഐഎസ്എഫ് മാതൃകയിൽ വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനു രൂപീകരിച്ച സംസ്ഥാന സേന വിപുലീകരിക്കാൻ ഉത്തരവിറക്കി. രണ്ടു ഘട്ടങ്ങളിലായി 2000 സുരക്ഷാ ഉദ്യോഗസ്ഥരെ പുതുതായി നിയമിക്കാനാണ് തീരുമാനം. സംസ്ഥാന വ്യവസായ സുരക്ഷാ സേനാംഗങ്ങൾക്ക് സർക്കാർ പണം ചെലവഴിക്കില്ല. സുരക്ഷ ആവശ്യമായുള്ള സ്ഥാപനങ്ങൾ മുൻകൂർ പണം നൽകണം.
തീവ്രവാദ സംഘടനകളുടെയടക്കം ഭീഷണിയിൽ നിന്ന് വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായിട്ടാണ് 2011ൽ സംസ്ഥാന വ്യവസായ സുരക്ഷാ സേന രൂപീകരിച്ചത്. എന്നാൽ, സംസ്ഥാന വ്യവസായ സുരക്ഷാ സേനയുടെ നിലവിലെ അവസ്ഥ പര്യാപതമല്ലെന്ന വിലയിരുത്തലിലാണ് വിപുലീകരിക്കാനുള്ള നീക്കം. കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ മാതൃകയിലായിരിക്കും വിപുലീകരിക്കുന്നത്. നിലവിൽ 979 പേരുള്ള സേനയുടെ അംഗബലം മൂവായിരമായി ഉയർത്താനാണ് തീരുമാനം.
ഇതിനായി രണ്ടു ഘട്ടങ്ങളിലായി രണ്ടായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. ധനവകുപ്പ് മുന്നോട്ട് വെച്ച നിബന്ധനകൾ പ്രകാരമാണ് തസ്തികകൾ സൃഷ്ടിക്കുന്നത്. സുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങളുമായി കുറഞ്ഞത് മൂന്ന് വർഷത്തെ കരാറാണ് ഏർപ്പെടുത്തുക. ശമ്പളത്തിനും, പെൻഷൻ സംഭാവന അടക്കമുള്ള ശമ്പളേതര ആനുകൂല്യങ്ങൾക്കും സുരക്ഷ ആവശ്യമായിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് മുൻകൂർ പണം ഈടാക്കും.
ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായുള്ള കമ്മിറ്റിയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനം, പരിശീലനം, വിന്യാസം എന്നിവ സംബന്ധിച്ച തീരുമാനമെടുക്കുക. സംസ്ഥാന പൊലീസ് മേധാവി, പൊലീസ് അക്കാദമി ഡയറക്റ്റർ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.