പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്യൂട്ട്‌  ഫയൽ ചെയ്തു. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ ഭിന്നിപ്പിക്കുവാനുള്ള  പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

ഭരണഘടനയുടെ അനുച്‌ഛേദം 131 പ്രകാരമാണ്‌ ഹർജി നൽകിയത്‌. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യമെങ്ങും ആശങ്കയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും  പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണെന്നും അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രമേയം സഭ ഐക്യകണ്‌ഠ്യേനയാണ്‌ പാസാക്കിയത്‌.

കേന്ദ്രവും സംസ്‌ഥാന സർക്കാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ ആർട്ടിക്കിൾ 131 പ്രകാരമാണ്‌ ചോദ്യം ചെയ്യാനാകുക.
ജനുവരി 23ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്‌.

 

14-Jan-2020