അമിത് ഷാ ബിജെപി അധ്യക്ഷപദവിയിൽ നിന്നും പുറത്തേക്ക്
അഡ്മിൻ
ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയാകും പുതിയ അധ്യക്ഷന്‍. ജനുവരി 20 ന് അധ്യക്ഷ പദവി പ്രഖ്യാപിക്കുമ്പോള്‍ ജെ പി നദ്ദയെ ഏകകണ്‌ഠേന അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് തിരുമാനം. അമിത്ഷായുടെ വിശ്വസ്തന്‍ ഭൂപേന്തര്‍ യാദവ് വര്‍ക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകും.
ആഭ്യന്തരമന്ത്രി പദത്തിന് ഒപ്പം പാര്‍ട്ടി അധ്യക്ഷപദവി തുടര്‍ന്നും കൈയാളുന്നതിന്റെ അഭംഗി അമിത്ഷാ തന്നെയാണ് ബിജെപി നേതൃയോഗത്തില്‍ ഉന്നയിച്ചത്. പാര്‍ട്ടിയുടെ ചരടുകളെല്ലാം തുടര്‍ന്നും തന്റെ കൈയില്‍ തന്നെ നിലനിര്‍ത്തും വിധം പരിഹാരവും അമിത്ഷാ തന്നെ മുന്നോട്ട് വച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെയോ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനെയോ അധ്യക്ഷനാക്കണം എന്ന ഒരു വിഭാഗത്തിന്റെ താത്പര്യം കൂടിയാണ് ഫലത്തില്‍ അമിത്ഷാ മുളയിലെ നുള്ളിയത്.
ജനുവരി 20 ന് അധ്യക്ഷപദവിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ജെ പി നദ്ദയെ അധ്യക്ഷനായി ഐകകണ്‌ഠേന തെരഞ്ഞെടുക്കാനാണ് ധാരണ. ആര്‍എസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും ജെ പി നദ്ദയ്ക്ക് ഉണ്ട്. നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റായ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ദേശീയ നേതൃസമിതികളും പുനഃസംഘടിപ്പിക്കും. അമിത് ഷായുടെ വിശ്വസ്തനായ ഭൂപേന്ദര്‍ സിംഗ് അധികാര കേന്ദ്രം ആകും വിധമാകും സംഘടന ചുമതലകളുടെ ക്രമീകരണം. വര്‍ക്കിംഗ് പ്രസിഡന്റോ ഉപാധ്യക്ഷനോ ആയിരിക്കും രാജസ്ഥാനില്‍ നിന്നുള്ള ബൂപേന്ദര്‍ യാദവ്.