ഡിവൈഎസ്‌പി ദവീന്ദർസിങ്‌ ഭീകരർക്കൊപ്പം പിടിയിലായതോടെ ബിജ്‌പേയ് നേതൃത്വവും സംശയത്തിന്റെ നിഴലിൽ

ഡിവൈഎസ്‌പി ദവീന്ദർസിങ്‌ ഭീകരർക്കൊപ്പം പിടിയിലായതോടെ പാർലമെന്റ്‌ ഭീകരാക്രമണം, പുൽവാമ ഭീകരാക്രമണം എന്നിവയെക്കുറിച്ച്‌ പുതിയ ചോദ്യങ്ങള്‍ ഉയരുന്നു. ഭീകരരും സുരക്ഷാഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണ്‌ അറസ്‌റ്റ്‌. 2001ലെ പാർലമെന്റ്‌ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരു, ദവീന്ദർസിങിന്റ ഭീകരബന്ധം വ്യക്തമാക്കുന്ന മൊഴിനല്‍കിയെങ്കിലും അന്വേഷണ ഏജൻസികൾ‌ അവഗണിക്കുകയായിരുന്നു. അതിൽ ബി ജെ പി നേതൃത്വത്തിനുള്ള ബന്ധം കൂടി ഈ അവസരത്തിൽ രാജ്യം ചർച്ച ചെയ്യുന്നുണ്ട്. ബി ജെ പി ഉന്നതരുടെ വിശ്വസ്തനാണ് ദവീന്ദർസിങ്‌ എന്നാണ് സൂചനകൾ. 

ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരര്‍ക്കൊപ്പമാണ് ഡിവൈഎസ്‌പി ദവീന്ദർസിങ്ങ് പിടിയിലായത്. പിടിയിലാകുംമുമ്പ്‌ ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരസംഘത്തിലെ പ്രമുഖ കമാൻഡർ സയീദ്‌ നവീദ്‌  മുഷ്‌‌താഖും മറ്റ്‌ രണ്ടു ഭീകരരും താമസിച്ചത്‌ ശ്രീനഗറിലെ ബദാമി ബാഗ്‌ കന്റോൺമെന്റിലെ ദവീന്ദർസിങ്ങിന്റെ വസതിയിലായിരുന്നു.  ഡൽഹിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ സംഘം ശനിയാഴ്‌ച അറസ്‌റ്റിലായത്‌. ഷോപിയാനിൽനിന്ന്‌ പുറപ്പെട്ട വാഹനത്തിൽ ഭീകരർ ശ്രീനഗർ–-ജമ്മു ദേശീയപാതയിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന്‌ ജില്ലാപൊലീസ്‌ മേധാവിക്ക്‌ ലഭിച്ച വിവരത്തെ തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ അറസ്‌റ്റ്‌. 

വാഹനത്തിൽനിന്നും ദവീന്ദറിന്റെ വീട്ടിൽനിന്നും ‌ എകെ -47 തോക്ക്‌ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. പിടിയിലായ മുഷ്താഖ് ഒക്ടോബറിൽ കശ്‌മീരിൽവച്ച് ബിഹാർ, ബംഗാൾ  തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്‌. ഇയാളും നേരത്തെ പൊലീസിലായിരുന്നു. പിന്നീട്  ജോലി ഉപേക്ഷിച്ച്‌ ഭീകരസംഘടനയിൽ ചേർന്നു.  ശ്രീനഗർ വിമാനത്താവള സ്‌റ്റേഷനിലാണ്‌ ദവീന്ദർ പ്രവർത്തിച്ചിരുന്നത്‌.

 

14-Jan-2020