ഗവർണർ പദവിയുടെ വലുപ്പമറിയാതെ രാഷ്ട്രീയപ്രസ്താവന നടത്തുകയാണ്

പദവിയുടെ വലുപ്പമറിയാതെ രാഷ്ട്രീയപ്രസ്താവന നടത്തുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി. ഗവർണർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട ആളല്ല എന്നാണ് ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നത്. മന്ത്രിസഭ അംഗീകരിച്ച ഓർഡിൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തിനുമുണ്ട് വിമർശനങ്ങൾ.

സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് ഗവർണർ തെറ്റിധരിച്ചുപോയെന്നാണ് ദേശാഭിമാനി ആരോപിക്കുന്നത്. രാഷ്ട്രീയ നിയമനമായ ഗവർണർ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസിലായിട്ടില്ല. ഗവർണർക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനേ കഴിയില്ല. പൗരത്വ ഭേദഗതി നിമയത്തിനെതിരായ നിയമസഭാ പ്രമേയം പാസാക്കും മുൻപ് ഗവർണറെ അറിയിക്കേണ്ടതില്ലെന്നും വിവിധ കോടതിവിധികൾ ചൂണ്ടിക്കാട്ടി ദേശാഭിമാനി സമർഥിക്കുന്നു.

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച ഓർഡിൻസ് തടയാൻ നിയമസഭാ സമ്മേളനം വരുന്നുണ്ടെന്ന് എങ്ങിനെ പറയാനാവും. സഭ വിളിച്ചുചേർക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. കേന്ദ്രത്തിന്റേയും സംസ്ഥാന മന്ത്രിസഭയുടേയും ഉപദേശങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കണമെന്നാണ് രാമേശ്വർ പ്രസാദ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രിംകോടതി നടത്തിയ പരാമർശം.

സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം ജനങ്ങളുടെ ഉറച്ച അഭിപ്രായമായി കാണുന്നതിനു പകരം വിമർശിക്കുന്നും തുടർ നടപടികളെ ചോദ്യം ചെയ്യുന്നതും സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർഥിക്കുന്ന പ്രതിപക്ഷം ജനാധിപത്യ മര്യാദകളും ഭരണഘടനാ കർത്തവ്യങ്ങളും അവഗണിക്കാൻ പ്രേരിപ്പിക്കുകയാണെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.

18-Jan-2020