മൗദൂദി പത്രത്തിലെ ആർ എസ് എസ് സാന്നിധ്യം ചർച്ചയാവുന്നു

ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമായ മാധ്യമം പത്രത്തിൽ അന്തരിച്ച ആർഎസ്‌എസ്‌ ചിന്തകൻ പി പരമേശ്വരനെക്കുറിച്ച്‌ സഹപ്രവർത്തകൻ ടി ജി മോഹൻദാസിന്റെ അനുസ്മരണ ലേഖനം പ്രസിദ്ധീകരിച്ചത് വൻ വിവാദമാവുന്നു. ഗുജറാത്ത് വംശഹത്യ അടക്കമുള്ള സംഭവങ്ങൾക്ക് ന്യായീകരണം ചമച്ച പരമേശ്വരനെ മൗദൂദിയുടെ ശിഷ്യർ വെള്ളപൂശുകയാണ് എന്ന ആരോപണം ശക്തിപ്പെടുകയാണ്. ജമാഅത്തെ ഇസ്ലാമിയിലും ഇത് സംബന്ധിച്ച തർക്കം രൂക്ഷമാണ്.

വാർത്താ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും ന്യൂനപക്ഷ വിരുദ്ധതയും വർഗീയതയും പച്ചയ്‌ക്കുപറയുന്ന ടി ജി മോഹൻദാസിന് മാധ്യമത്തിന്റെ എഡിറ്റ്‌ പേജിൽ സ്ഥലം നീക്കിവെച്ചത് അനുചിതമായെന്നും മൃദുഹിന്ദുത്വ മനോഭാവമുള്ള മറ്റാരെയെങ്കിലും കൊണ്ട് എഴുതിപ്പിച്ചാൽ മതിയായിരുന്നുവെന്നുമാണ് ജമാഅത്ത്‌ നേതൃത്വത്തിൽ ചിലർ പറയുന്നത്. ഒ രാജഗോപാലിനെയോ പി എസ്‌ ശ്രീധരൻപിള്ളയേയൊ പോലെ പാർലമെന്ററി രംഗത്തുള്ളവർ എഴുതിയാൽ മതിയായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.

ബി ജെ പി മുൻ അധ്യക്ഷൻ ശ്രീധരൻ പിള്ള ജമാഅത്തെ ഇസ്ലാമി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്. അടുത്തകാലത്ത്‌ മിസോറാം ഗവർണറായി നിയമിതനായ അദ്ദേഹത്തെ മാധ്യമം ചീഫ്‌ എഡിറ്റർ ഒ അബ്ദുറഹ്‌മാൻ നേരിട്ടെത്തിയാണ്‌ യാത്രയാക്കിയത്‌. പല നിർണായക ഘട്ടങ്ങളിലും ബി ജെ പിയും ജമാഅത്തെ ഇസ്ലാമിയുമായി ധാരണയിൽ പോകാൻ ശ്രീധരൻപിള്ളയുടെ ചർച്ചകളും ഇടപെടലുകളും സഹായകമായിട്ടുണ്ട്.

സംഘപരിവാർ ചാനലിലെ തന്റെ പംക്തിയിലടക്കം ന്യൂനപക്ഷ വിരുദ്ധത  നിറച്ച മോഹൻദാസ്‌ കമ്യൂണിസ്‌റ്റ്‌ വിരുദ്ധ നുണ പ്രചരിപ്പിക്കുന്നതിലും മുന്നിലാണ്‌. ജമാഅത്തെ, സംഘപരിവാർ സൈബർ സംഘങ്ങൾ പരസ്‌പരം കൈമാറ്റംചെയ്‌ത്‌ പ്രചരിപ്പിക്കുന്ന ഇടതുപക്ഷവിരുദ്ധവും മതനിരപേക്ഷവിരുദ്ധവുമായ പ്രതിലോമ ആശയമണ്ഡലം വികസിപ്പിക്കാൻ വേണ്ടിയാണ് ഈ ബാന്ധവം എന്ന വിമർശനം ശക്തമാണ്. ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുംചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടമുഖമാണ്‌ തെളിയുന്നതെന്ന്‌ വായനക്കാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തെ വാഴ്‌ത്തി ‘നരേന്ത്യ’ തലക്കെട്ടിൽ പ്രധാനമന്ത്രിയുടെ കൂറ്റൻചിത്രവുമായി മാധ്യമം സെൻട്രൽ സ്‌പ്രെഡ്‌ പേജ്‌ ഇറക്കിയതും നേരത്തെ വിവാദമായിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭങ്ങളിൽ ഇസ്ളാമിക് ഭീകരവാദികൾ വേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിറകെ മൗദൂദി പത്രത്തിൽ ആർഎസ്എസ് പ്രത്യക്ഷപ്പെട്ടതിന് രാഷ്ട്രീയ മാനങ്ങൾ ഉണ്ട്.  

 

11-Feb-2020