പാലാരിവട്ടം : ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണത്തിന് വേഗം കൂട്ടാന്‍ ഹൈക്കോടതി നിര്‍ദേശം

പാലാരിവട്ടം പാലം അഴിമതിയിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണത്തിന് വേഗം കൂട്ടാന്‍ ഹൈക്കോടതി നിര്‍ദേശം. അതിന്റെ ഭാഗമായി അന്വേഷണത്തിന്റെ പുരോഗതി മാര്‍ച്ച് 3 നകം അറിയിക്കാന്‍ വിജിലന്‍സിനോടും എന്‍ഫോഴ്‌സ്‌മെന്റിനോടും ഹൈക്കോടതി നിര്‍ദേശിച്ചു.

പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഒരു വട്ടം ചോദ്യം ചെയ്‌തെന്നും കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് വ്യക്തമാക്കി. പാലം അഴിമതിയിലടക്കം ലഭിച്ച പണം ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റും കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞ് ഗവേണിംഗ് ബോഡി ചെയര്‍മാനായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നോട്ട് നിരോധന കാലത്ത് 10 കോടി നിക്ഷേപിച്ചെന്നും അന്വേഷണം വേണമെന്നുമാണ് പരാതിക്കാരനായ ഗിരീഷ് ബാബുവിന്റെ ആവശ്യം.

ഗിരിഷ് ബാബുവിന്റെ മൊഴിയെടുത്തെന്നും രേഖകള്‍ ഹാജരാക്കിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുന്നതില്‍ നിലപാട് തേടി വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചാല്‍ തുടര്‍ നടപടി ഉണ്ടാവുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

 

18-Feb-2020