പൊലീസിന്റെ ഭാഗത്ത് വീഴ്ച ഇല്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്

പൊലീസ് സേനയിൽ നിന്ന് വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തിൽ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട് സമർപ്പിച്ചു. സംഭവത്തിൽ ഒരു വീഴ്ചയും വകുപ്പിന്റെ ഭാഗത്ത് നിന്നില്ല എന്നാണ് റിപ്പോർട്ടിന്റെ സംഗ്രഹം. വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് സമിതിക്ക് വിശദീകരണം നൽകുന്നതിന് മുന്നോടിയായാണ് ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്.

സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്. സിഎജി റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് തോക്കും തിരകളും കാണാതായതും പൊലീസ് നവീകരണ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമാണ്.

തോക്കും തിരകളും കാണാതായെന്ന വാർത്ത തെറ്റാണെന്ന റിപ്പോർട്ടിന്റെ പിറകെ പ്രതിപക്ഷ നേതാവിന്റെ ക്യാമ്പ് നിശബ്ദമാണ്. ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളും സമയമെടുക്കാതെ പൊട്ടിപ്പൊളിയുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് ക്യാമ്പ് വിലയിരുത്തി. സി എ ജിയെ അധികം ന്യായീകരിക്കാൻ നിൽക്കേണ്ട എന്നും അങ്ങനെ വന്നാൽ റിപ്പോർട് ചോർത്തിയ കുറ്റം പ്രതിപക്ഷത്തിന്റെ തലയിൽ ഇരിക്കുമെന്നും വിലയിരുത്തി എന്നാണ് സൂചനകൾ. 

19-Feb-2020