വിഎസ് ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഇന്ന് ബാങ്കിന് കത്ത് നൽകും. ശിവകുമാറിന്റെ ലോക്കർ വിജിലൻസ് സംഘത്തിന്റെ സാന്നിധ്യത്തിൽ തുറക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകുന്നത്. അതേസമയം പ്രതികളുടെ വീട്ടിൽ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുള്ള റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും.
ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നിർണായക വിവരങ്ങൾ ശേഖരിച്ചെങ്കിലും ബാങ്ക് ലോക്കർ തുറക്കാനായിരുന്നില്ല. താക്കോൽ കാണാനില്ലെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം. കൂടാതെ ലോക്കറിന്റെ നമ്പറടക്കമുള്ള മറ്റ് വിവരങ്ങൾ ശിവകുമാർ അന്വേഷണ സംഘത്തിന് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിജിലൻസ് സംഘം ഇന്ന് ബാങ്കിന് കത്ത് നൽകുന്നത്. അന്വേഷണം നടക്കുന്നതിനാൽ വിജിലൻസ് സംഘത്തിന്റെ സാന്നിധ്യത്തിൽ ലോക്കർ തുറക്കണമെന്നാവശ്യപെട്ടാണ് കത്ത് നൽകുന്നത്.
ശിവകുമാറിന്റെയും കൂട്ടുപ്രതികളുടെയും വീട്ടിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. നേരത്തെ ശിവകുമാറിന്റെയും, ഹരികുമാറിന്റെയും വീട്ടിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങളടങ്ങുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ശിവകുമാറിന്റെ അടുത്ത ബന്ധുക്കളുടെ ബാങ്ക് ഇടപാടുകളും വിജിലൻസ് സംഘം പരിശോധിക്കാനാണ് തീരുമാനം. കേസിലെ എല്ലാ പ്രതികളുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കേണ്ടതിനാൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു.