പൗരത്വ നിയമത്തിന്‍റെ പേരില്‍ വടക്കു കിഴക്കന്‍ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ മരണം ഏഴായി. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൗജ്പുരിയില്‍ സംഘര്‍ഷത്തിനിടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കലാപകാരികള്‍ തീയിട്ടു. നിരവധി വ്യാപര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തുടക്കം മുതൽ രാജ്യതലസ്ഥാനത്ത് ഉയർന്നത്. തുടക്കം മുതൽ സംഘപരിവാറും കേന്ദ്രസർക്കാരും സമരങ്ങളെ വർഗീയമായി ചിത്രീകരിയ്ക്കാൻ ശ്രമിച്ചിരുന്നു. പലതവണ സാമാധാനപരമായ സമരങ്ങൾക്ക് നേരെ പോലീസും സംഘപരിവാർ ഗൂണ്ടകളും ഏകപക്ഷീയമായ ആക്രമണങ്ങൾ അഴിച്ച് വിടുകയുണ്ടായി. വിദ്യാർത്ഥി സമരങ്ങൾക്ക് നേരെ തുടർച്ചയായി സംഘപരിവാറുകാർ വെടിയുതിർത്തു. ഒടുവിൽ ദില്ലി തിരഞ്ഞെടുപ്പ് ഫലം കൂടി പുറത്ത് വന്നതോടെ ഹാലിളകിയ സംഘപരിവാർ ക്രിമിനലുകൾ അക്ഷരാർത്ഥത്തിൽ ദില്ലിയിൽ അഴിഞ്ഞാടുകയാണെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തെ തിരഞ്ഞു പിടിച്ചു ആക്രമിക്കുകയാണ്. ചില വീടുകൾക്ക് മുന്നിൽ കാവി കൊടി കെട്ടി വച്ച് ആക്രമണകാരികൾക്ക് അവരുടെ വീടുകൾ തിരിച്ചറിയാനും , ആക്രമണത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള നിർദ്ദേശം ആണ് നൽകിയിട്ടുള്ളത്. കലാപം ആസൂത്രിതമാണെന്ന് ഉറപ്പിക്കാവുന്ന വളരെ ബലവത്തായ തെളിവായി രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു.
2002 ൽ ഗുജറാത്തിൽ നടന്ന നരഹത്യയെ ഓർമ്മിപ്പിയ്ക്കും വിധമാണ് ദില്ലി നീങ്ങുന്നത്. കേരളത്തിലെ ചില മാധ്യമങ്ങളിലെ അന്തിചർച്ചയിൽ ബിജെപി നേതാക്കൾ ഗുജറാത്ത് ഓർമ്മിപ്പിച്ചത് കൂടി ചേർത്ത് വായിക്കുമ്പോൾ രാജ്യവ്യാപകമായ കലാപമാണ് ആർഎസ്എസ് ആസൂത്രണം ചെയ്യുന്നത് എന്ന സംശയം ബലപ്പെടുന്നു.
അതേസമയം ദില്ലി മുഖ്യമന്ത്രിയുടെ മൗനവും ചർച്ച ആവുകയാണ്. പോലീസ് തങ്ങളുടെ നിയന്ത്രണത്തിൽ അല്ല എന്ന ന്യായം പറഞ്ഞാണ് ദില്ലി മുഖ്യമന്ത്രി കൈകഴുകുന്നത്. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിലും , പൊതു പ്രവർത്തകൻ എന്ന നിലയിലും സമാധാനം പുനഃസ്ഥാപിക്കാൻ നേരിട്ട് ഇടപെടാൻ തയ്യാറാകാത്തത് വിമർശനത്തിന് ഇടയാക്കുകയാണ്. പശ്ചിമബംഗാളിൽ ആർഎസ്എസ് ഇത്തരത്തിൽ കലാപത്തിന് തുടക്കമിട്ടപ്പോൾ തന്നെ സമാധാന റാലിയുമായി ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിയ സിപിഎം ശൈലി ആണ് പലരും കെജ്രിവാളിനെ ഓർമ്മിപ്പിയ്ക്കുന്നത്. സിപിഎം പിബി അംഗം മുഹമ്മദ് സലിം ആയിരുന്നു ബംഗാളിൽ സമാധാന റാലികൾക്ക് അന്ന് നേതൃത്വം നൽകിയത്.
കലാപത്തിന് കടിഞ്ഞാണിട്ടില്ലെങ്കിൽ അത് ഉത്തരേന്ത്യയിൽ ആകെ പടർന്നേക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.