പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കണം: മുഖ്യമന്ത്രി

പുതുവത്സര ദിനത്തില്‍ പ്രഖ്യാപിച്ച പന്ത്രണ്ട് ഇന പരിപാടികളും ബജറ്റ് നിര്‍ദേശങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വകുപ്പ് സെക്രട്ടറിമാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തനം അവലോകനം ചെയ്ത് മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പന്ത്രണ്ട് ഇന വികസന പരിപാടികളുടെയും തദ്ദേശസ്ഥാപന ഭാരവാഹികളുടെ യോഗത്തില്‍ പ്രഖ്യാപിച്ച പരിപാടികളുടെയും പ്രവര്‍ത്തന പുരോഗതി മുഖ്യമന്ത്രി അവലോകനം ചെയ്തു.

സംസ്ഥാനത്ത് പുറമ്പോക്കില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ്, ജൂണില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടി, എല്ലാ റോഡുകളിലും ഇടവഴികളിലും എല്‍.ഇ.ഡി. വിളക്കുകള്‍, 2020 ഡിസംബറിനു മുമ്പ് മുഴുവന്‍ റോഡുകളും മികച്ച നിലയില്‍ പുനര്‍നിര്‍മിക്കല്‍, സ്ത്രീകള്‍ക്ക് യാത്രാവേളകളില്‍ തങ്ങാന്‍ സുരക്ഷിതമായ വിശ്രമകേന്ദ്രങ്ങള്‍, വഴിയോരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലുമായി 12,000 ജോഡി ടോയ്ലറ്റ്, സാമൂഹിക സന്നദ്ധ സേനയുടെ രൂപീകരണം, ഓരോ പഞ്ചായത്തിലും സഗരസഭയിലും ആയിരത്തില്‍ 5 പേര്‍ക്ക് പുതിയ തൊഴിലവസരം തുടങ്ങിയ പരിപാടികള്‍ നടപ്പാക്കാനുള്ള നടപടികള്‍ മാര്‍ച്ച് മാസം ആരംഭിക്കണം.

ഫയല്‍ തീര്‍പ്പാക്കലിന് പ്രത്യേക ശ്രദ്ധ നല്‍കണം. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഫയല്‍ കുടിശ്ശിക ഉണ്ടാകരുത്. താലൂക്ക് തലത്തില്‍ മാസത്തിലൊരിക്കല്‍ കലക്ടര്‍മാര്‍ അദാലത്ത് നടത്താന്‍ ആരംഭിച്ചിട്ടുണ്ട്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിക്ഷേപകര്‍ക്ക് പ്രോത്സാഹന സഹായം (ഇന്‍സന്‍റിവ്) നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വ്യവസായങ്ങള്‍ക്ക് ഇന്‍സന്‍റിവ് ലഭിക്കും.

18,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 10 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡ് വേണമെന്ന നിബന്ധന 8 മീറ്ററായി ഇളവു ചെയ്യണമെന്ന ആവശ്യമുണ്ട്. ഇതു ഗൗരവമായി പരിശോധിക്കണം. സ്ത്രീകള്‍ക്ക് ഫാക്ടറികളില്‍ രാത്രി ജോലി ചെയ്യുന്നതിന് നിരോധനമുണ്ട്. ഇതൊഴിവാക്കും. രാത്രി ജോലിയെടുക്കുന്ന സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സ്ഥാപന ഉടമക്കായിരിക്കും. വ്യവസായത്തിന് എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം വൈദ്യുതി ലഭ്യമാക്കണം.

നൂറു കോടിയിലധികം മുതല്‍മുടക്കുന്ന സംരംഭകന് എല്ലാ അനുമതികളും കെ.എസ്.ഐ.ഡി.സിയിലെ ഫെസിലിറ്റേറ്റര്‍ മുഖേന നേടാന്‍ കഴിയും. സംരംഭകന്‍ പല വാതിലുകള്‍ മുട്ടേണ്ടിവരില്ല.

കൃഷി, മൃഗസംരക്ഷണ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പരിപാടികള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുഷ്പ കൃഷിയിലും കൂടുതല്‍ ശ്രദ്ധിക്കണം. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്ളതുകൊണ്ട് പുഷ്പ കയറ്റുമതിക്ക് നല്ല സാധ്യതയുണ്ട്.

കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പരിശോധിച്ച് കണ്ടെത്തുന്ന അപാകതകള്‍ താമസംവിനാ പരിഹരിക്കണം. വന്യമൃഗങ്ങളുടെ ശല്യം വേനല്‍ കടുത്തതോടെ വര്‍ധിച്ചിട്ടുണ്ട്. കാട്ടില്‍ വെള്ളം കിട്ടാതെ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുകയാണ്. ഇതു കണക്കിലെടുത്ത് കാട്ടില്‍ മൃഗങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ നടപടി വേണം. കാട്ടുതീ തടയുന്നതിന് കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഭൂമിയുടെ തരം മാറ്റലിന് കൃഷിഭവനുകളില്‍ ലഭിച്ച അപേക്ഷകളില്‍ സമയബന്ധിതമായി തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

26-Feb-2020