കേരളത്തിലെ പൂരപ്പറമ്പുകളിലെ മാണിക്യം ഗുരുവായൂര്‍ പദ്മനാഭന്‍ ചെരിഞ്ഞു. പ്രായാധിക്യസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 84 വയസായിരുന്നു. ഗുരുവായൂരപ്പന്റെ കടാക്ഷം ഉള്ള കൊമ്പൻ എന്നൊരു വിശേഷണം കൂടിയുണ്ട് പദ്മനാഭന്. കേശവന് ശേഷം ആനപ്രേമികൾ അങ്ങനെ ഒരു വിശേഷണം നൽകിയത് ഗുരുവായൂർ പദ്മനാഭന് മാത്രമാണ്.
സർവ്വ ലക്ഷണങ്ങളും തികഞ്ഞ പദ്മനാഭൻ 1954 ജനുവരി 18നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്നത് . 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്നത് ഇവനായിരുന്നു. നിലമ്പൂര്‍ കാടുകളില്‍ പിറന്ന ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയില്‍ നിന്നാണ് ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്‌സ് വാങ്ങി ഗുരുവായൂരപ്പന് നടയ്ക്കിരുത്തുന്നത്. ഏക്ക തുകയുടെ കാര്യത്തിലും പദ്‌മനാഭൻ ഒന്നാം സ്ഥാനത്തുണ്ട്. 2.25 ലക്ഷം വരെയാണ് പത്മനാഭന്റെ ഏക്ക തുക.
കേരളത്തിലെ ആനപ്രേമികൾക്ക് തീരാനഷ്ടമാണ് പദ്മനാഭന്റെ വേർപാട്. പൂരപ്പറമ്പുകളെ കീഴടക്കാൻ ഇനി അവനില്ല എന്നത് നിശ്ചയമായും ഒരു ശൂന്യത ആയിരിക്കും.