കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനുള്ള വിഹിതം അനിശ്ചിതമായി വൈകിപ്പിക്കുന്നതിനാലാണ് കൈത്തറി തൊഴിലാളികള്‍ക്കുള്ള കൂലി കുടിശ്ശികയായത്.
അഡ്മിൻ
സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം നെയ്ത തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉള്‍പ്പെടെ നല്‍കുന്നതിന് സംസ്ഥാന ഗവണ്മെന്റ് 48 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ജുണ് മുതല്‍ കുടിശ്ശികയായിരുന്ന കൂലിയും സ്പിന്നിങ്ങ് മില്ലുകളില്‍ നിന്നു വാങ്ങിയ നൂലിന്റെ വിലയും നല്‍കുന്നതിനാണ് ഈ തുക. രണ്ടു ദിവസത്തിനകം തുക വിതരണം ചെയ്യും. വിദ്യാഭ്യാസ വകുപ്പിനാണ് തുക അനുവദിച്ചത്. വകുപ്പ് ഈ തുക വ്യവസായ വകുപ്പിനു കീഴിലുള്ള കൈത്തറി ഡയറക്ടറേറ്റിന് കൈമാറും. കൈത്തറി ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന തുക കൈത്തറി സംഘങ്ങളുടെയും തൊഴിലാളികളുടെയും അക്കൗണ്ടിലേക്ക് നല്‍കും. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍നിന്നാണ് ആവശ്യമായ തുക ലഭ്യമാക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനുള്ള വിഹിതം അനിശ്ചിതമായി വൈകിപ്പിക്കുന്നതിനാലാണ് കൈത്തറി തൊഴിലാളികള്‍ക്കുള്ള കൂലി കുടിശ്ശികയായത്. നേരത്തെ, സൗജന്യ യൂണിഫോം പദ്ധതിക്കുള്ള തുക സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം വകയിരുത്തുകയും ഒന്നോ, രണ്ടോ ഗഡുക്കളായി നല്‍കുകയും ചെയ്തിരുന്നു.
കൈത്തറി നെയ്ത്തു മേഖലയുടെ വിദ്യാഭ്യാസ മേഖലയുടെയും സംരക്ഷണത്തിന്റെ ഭാഗമായി എല്‍ ഡി എഫ് ഗവണ്മെന്റ് ആരംഭിച്ചതാണ് സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി. പദ്ധതി പ്രകാരം നടപ്പ് അദ്ധ്യയന വര്‍ഷം 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ തുണി വിതരണം ചെയ്തു. അടുത്ത അദ്ധ്യയന വര്‍ഷം പത്തു ലക്ഷം കുട്ടികള്‍ക്ക് 48 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. ഈ തുണിയുടെ നെയ്ത്ത് ഏകദേശം പൂര്‍ത്തിയായി.
വര്‍ഷത്തില്‍ വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം ജോലി ലഭിച്ചിരുന്ന നെയ്ത്തുകാര്‍ക്കു വര്‍ഷം മുഴുവന്‍ ജോലിയായി. മാസം ശരാശരി 2500 രൂപയില്‍ താഴെ ലഭിച്ചിരുന്ന സ്ഥാനത്ത് എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ പതിനെട്ടായിരം രൂപ വരെ ലഭിക്കുന്നു. അടുത്തിടെ, സ്കൂള്‍ യൂണിഫോം നെയ്യുന്നവര്ക്കുള്ള മിനിമം കൂലി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിലൂടെ ദിവസവേതനത്തില്‍ 170 രൂപ മുതല്‍ 186 രൂപയുടെ വരെ വര്‍ദ്ധനയുണ്ടായി.
കൈത്തറി യൂണിഫോം പദ്ധതിയെ അഭിനന്ദിച്ച കേന്ദ്ര സര്‍ക്കാര്‍, പദ്ധതി മാതൃകയാക്കണമെന്ന് മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ കൂലിയും തൊഴിലും ലഭിച്ചുവെന്നും കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലുണ്ട്.