കോടതിയ്ക്ക് മേൽ താങ്ങാൻ പറ്റാത്ത കടുത്ത സമ്മർദമാണ്‌ അനുഭവിക്കുന്നതെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ

കോടതിയ്ക്ക് മേൽ താങ്ങാൻ പറ്റാത്ത കടുത്ത സമ്മർദമാണ്‌ അനുഭവിക്കുന്നതെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ. ഡൽഹി കലാപത്തിന്‌ കാരണമായ വിദ്വേഷപ്രസംഗം നടത്തിയ രാഷ്ട്രീയനേതാക്കൾക്കെതിരായ ഹർജി ശ്രദ്ധയിൽപ്പെടുത്തിയ സാഹചര്യത്തിലാണ്‌ ചീഫ്‌ ജസ്‌റ്റിസിന്റെ ഞെട്ടിക്കുന്ന നിരീക്ഷണം. കലാപം തടയാൻ കോടതിക്ക്‌ അടിയന്തരമായി എന്ത്‌ ചെയ്യാൻ കഴിയുമെന്ന്‌ ഹർജിക്കാരൻ ഹർഷ്‌മന്ദറിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസിനോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ ചോദിച്ചു. ദിവസവും 10 പേർ വീതമെങ്കിലും മരിക്കുന്ന സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആളുകൾ മരിക്കണമെന്ന്‌ ഞങ്ങൾക്കും ആഗ്രഹമില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.

ഇത്ര വലിയ സമ്മർദങ്ങൾ കൈകാര്യംചെയ്യാൻ കോടതി ഇനിയും സജ്ജമായിട്ടില്ല. സംഭവങ്ങൾ ഉണ്ടാകുന്നത്‌ തടയാൻ കോടതിക്ക്‌ കഴിയില്ല. പ്രതിരോധനടപടികൾ എടുക്കാനും പറ്റില്ല. പലപ്പോഴും സംഭവങ്ങൾ നടന്ന ശേഷമാണ്‌ കോടതി ചിത്രത്തിൽ വരാറുള്ളത്‌. എന്നാൽ, കോടതിയാണ്‌ എല്ലാത്തിനും ഉത്തരവാദികളെന്ന രീതിയിലുള്ള പ്രചാരണമാണ്‌ നടക്കുന്നത്‌. ഞങ്ങളും പത്രങ്ങൾ വായിക്കാറുണ്ട്‌. അതിൽ ആളുകൾ നടത്തുന്ന അഭിപ്രായപ്രകടനങ്ങളും അറിയാറുണ്ട്‌. ഇത്രയും സമ്മർദം താങ്ങാൻ കോടതിക്ക്‌ പ്രയാസമുണ്ട്‌. സമാധാനമാണ്‌ കോടതിയും ആഗ്രഹിക്കുന്നത്‌. എന്നാൽ, കോടതിയുടെ അധികാരത്തിന്‌ പരിധികളുണ്ടെന്നും- ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു.

വിദ്വേഷപ്രസംഗം നടത്തിയവർക്കെതിരെ ഉടൻ കേസെടുക്കണമെന്ന്‌ നിർദേശിച്ച ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ എസ്‌ മുരളീധറിനെ പഞ്ചാബ്‌–-ഹരിയാന ഹൈക്കോടതിയിലേക്ക്‌ അർധരാത്രി സ്ഥലംമാറ്റിയിരുന്നു. തുടർന്ന്‌ കേസ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഡി എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചിലേക്ക്‌ മാറ്റി. ഫെബ്രുവരി 28ന്‌ കേസ്‌ പരിഗണിച്ച ചീഫ്‌ ജസ്‌റ്റിസിന്റെ ബെഞ്ച്‌ കേസ്‌ നാലാഴ്‌ച കഴിഞ്ഞ്‌ പരിഗണിക്കാമെന്ന്‌ അറിയിച്ചു. ഇതോടെയാണ്‌ കേസ്‌ അടിയന്തരമായി പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹർഷ്‌മന്ദർ സുപ്രീംകോടതിയെ സമീപിച്ചത്‌. ഹർജി ബുധനാഴ്‌ച പരിഗണിക്കാമെന്ന്‌ സുപ്രീംകോടതി അറിയിച്ചു.

ജുഡിഷ്യറിയ്ക്ക് മേൽ ഇത്ര സമ്മർദ്ദം ചെലുത്തുന്നത് ആരെന്ന് പകൽ പോലെ വ്യക്തമാണ്. ജനങ്ങളുടെ അവസാന ആശ്രയമാണ് കോടതികൾ . ആ കോടതികൾ പോലും നിസ്സഹായമായി ഇങ്ങനെ പറയുമ്പോൾ രാജ്യം എത്ര ഭീകരമായ അപകടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ജനങ്ങൾ തിരിച്ചറിയണം . മാധ്യമങ്ങൾ പോലും നിശബ്ദമോ നിയന്ത്രിതമോ ആണ്.

03-Mar-2020