ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കെ. സുരേന്ദ്രന്റെ കടുത്ത ആചാര ലംഘനം

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കടുത്ത ആചാര ലംഘനം നടത്തിയതായി ആരോപണം. ക്ഷേത്ര ദർശനത്തിന് എത്തിയ കെ സുരേന്ദ്രനെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും , പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ബബ്‌ലു ശങ്കറും ചേർന്ന് സ്വീകരിച്ചത് ക്ഷേത്രോത്സവത്തിന് കൊടിയേറ്റിന് ഉപയോഗിക്കുന്ന ഗരുഡഭഗവാന്റെ ചിത്രം ആലേഖനം ചെയ്ത കൊടിക്കൂറ നൽകിയാണ്. ഏറെ പവിത്രതയോടെ സൂക്ഷിയ്ക്കുന്ന ഒന്നാണ് കൊടിക്കൂറ. ഉത്സവാനന്തരം കൊട്ടാരത്തിൽ സൂക്ഷിയ്ക്കുന്ന കൊടിക്കൂറ അതിഥികളെ സ്വീകരിയ്ക്കാൻ ഉപയോഗിച്ചതിലൂടെ ശ്രീ പദ്മനാഭന്റെ ഉത്സവകൊടിക്കൂറയെ അവഹേളിക്കുകയാണ് എക്സിക്യൂട്ടീവ് ഓഫീസറും സൂപ്പർ എക്സിക്യൂട്ടീവ് ഓഫീസർ ചമയുന്ന ബബ്‌ലു ശങ്കറും ചെയ്തിരിയ്ക്കുന്നത്. ഇത് സ്വീകരിച്ചതിലൂടെ കെ സുരേന്ദ്രനും ആചാരലംഘനത്തിന് കൂട്ട് നിന്നു എന്നാണ് ഭക്തജനങ്ങൾ പറയുന്നത് . ഹിന്ദു മതാചാരങ്ങളുടെ സംരക്ഷകരെന്ന് പറയുകയും . എന്നാൽ ആചാരാനുഷ്‌ഠാനങ്ങളെ കുറിച്ച് പ്രാഥമിക അറിവ് പോലുമില്ലാത്തവരാണ് ഇവരെന്നുമാണ് പരിസരവാസികളുടെ പരാതി.

കെ സുരേന്ദ്രൻ കൊടിക്കൂറ സ്വീകരിയ്ക്കുന്ന ചിത്രം ബിജെപി നേതാവ് കരമന ജയനാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27ന് ആണ് പോസ്റ്റ് ഇട്ടിട്ടുള്ളത്.

ഒരു ക്ഷേത്രത്തിലും ഉത്സവ കൊടിയേറ്റിന് ഉപയോഗിയ്ക്കുന്ന കൊടിക്കൂറ മറ്റ് ആവിശ്യങ്ങൾക്ക് ഉപയോഗിക്കാറില്ല. സാധാരണ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന അതിഥികൾക്ക് ഓണവില്ല് ഉപഹാരമായി നൽകാറുണ്ട്. ഓണവില്ലിന്റെ ചിത്രം കരമന ജയൻ പങ്കുവച്ച ചിത്രത്തിന് പുറകിൽ കാണാം. അതൊഴിവാക്കി ഉത്സവ കൊടിക്കൂറ നൽകിയതിലൂടെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും , ബബ്‌ലു ശങ്കറും തങ്ങളുടെ കടുത്ത രാഷ്ട്രീയ പക്ഷം വെളിപ്പെടുത്തുകയാണ് ചെയ്തത് എന്നും ഒരു വിഭാഗം നാട്ടുകാർ പറയുന്നു . ഇവർ രണ്ടു പേരും ചേർന്ന് ക്ഷേത്രത്തിൽ നടത്തുന്ന അഴിമതിയും, സ്വജനപക്ഷപാതവും, വെട്ടിപ്പും, തട്ടിപ്പും നാട്ടിൽ പാട്ടാണ്. കോടികളുടെ അഴിമതി ആരോപണങ്ങൾ ആണ് ഇവർക്കെതിരെ ഉള്ളത്. ഇതിലൊക്കെ ബിജെപി ആർഎസ്എസ് ഉന്നതർക്കും പങ്കുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

പുഷ്പ്പാഞ്ജലി സ്വാമിയാരുടെ മഠം കയ്യേറിയതുമായി ബന്ധപ്പെട്ട് നടന്ന സ്വാമിയാരുടെ സമരവും, ബിജെപി എം.പി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഉള്ള ഗോശാല ട്രസ്റ്റിന്റെ അനാസ്ഥ കാരണം മിണ്ടാപ്രാണികളായ കന്നുകാലികൾ അനുഭവിച്ച ദുരന്തവും വാർത്ത ആയിരുന്നു. അന്നൊക്കെ ക്ഷേത്ര അധികാരികൾ ആർഎസ്എസ് നും ബിജെപിയ്ക്കും അനുകൂലമായ നിലപാട് ആണ് സ്വീകരിച്ചത്. ഇതും ദുരൂഹമാണ്. ക്ഷേത്രത്തിൽ നടക്കുന്ന താൽക്കാലിക നിയമനങ്ങൾ പലതും ആർഎസ്എസ് പ്രവർത്തകർക്ക് വേണ്ടി ആണെന്ന ആരോപണവും ശക്തമാണ്. ആർഎസ്എസുകാരെ കുത്തിക്കയറ്റി ക്ഷേത്രത്തിന്റെ നിയന്ത്രണം കയ്യടക്കാൻ ഉള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമാണ് ഇതെന്നും സംശയിക്കുന്നു.

കെ സുരേന്ദ്രന്റെ സന്ദർശനം കേവലം ക്ഷേത്ര ദർശനം മാത്രം ലക്‌ഷ്യം വച്ചല്ല എന്നും പറയപ്പെടുന്നു. ക്ഷേത്രത്തിലെ ജീവനക്കാരുടെ യൂണിയൻ റഫറണ്ടത്തിൽ ബിഎംഎസ് നേതൃത്വത്തിൽ ഉള്ള യൂണിയൻ ദയനീയമായി പരാജയപ്പെട്ടിരുന്നു. ദീർഘകാല അടിസ്ഥാനത്തിൽ യൂണിയൻ പിടിച്ചെടുക്കാൻ ഉള്ള പദ്ധതികൾ ക്ഷേത്രത്തിലെ പ്രധാനികളായ എക്സിക്യൂട്ടീവ് ഓഫീസറോടും , ബബ്‌ലു ശങ്കറിനോടും ചർച്ച ചെയ്യാനും കൂടിയാണ് വന്നതെന്നും ചില ബിഎംഎസ് പ്രവർത്തകർ സൂചന നൽകുന്നു.

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തിൽ കണ്ണ് വച്ച് ആർഎസ്എസ് നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നല്ല ജാഗ്രത വേണമെന്നാണ് പൊതുജന അഭിപ്രായം. അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ട് ഫലമില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഭക്തജനങ്ങൾ.

 

കരമന ജയന്റെ ഫേസ്ബുക് പോസ്റ്റ് ലിങ്ക് ചുവടെ :

https://www.facebook.com/photo.php?fbid=1534760440059167&set=pcb.1534760543392490&type=3&theater

03-Mar-2020