നാൽപതു വർഷമായി ക്രിസ്തുമത വിശ്വാസികൾ ആരാധിച്ചിരുന്ന പന്ത്രണ്ടു അടി ഉയരമുള്ള ക്രിസ്തു പ്രതിമയാണ് പൊളിച്ചത്.
അഡ്മിൻ
സംഘ പരിവാർ ഭീഷണിയെ തുടർന്ന് ബംഗളൂരുവിൽ ക്രിസ്തു പ്രതിമയും കുരിശുകളും പൊളിച്ചു മാറ്റി. ദേവനഹള്ളി താലൂക്കിൽ പെട്ട ,ദൊഡ്ഡസാഗരഹള്ളി വില്ലേജിലെ മഹിമ ബെട്ടയിലാണ് സംഭവം. നാൽപതു വർഷമായി ക്രിസ്തുമത വിശ്വാസികൾ ആരാധിച്ചിരുന്ന പന്ത്രണ്ടു അടി ഉയരമുള്ള ക്രിസ്തു പ്രതിമയാണ് പൊളിച്ചത്.
ദേവനഹള്ളി വിമാന താവളത്തിനു സമീപമുള്ള പ്രദേശമാണ് മഹിമ ബെട്ട. ക്രിസ്തുമത വിശ്വാസികൾക്ക് ആരാധനക്കും സെമിത്തേരിക്കുമായി നാലര ഏക്കർ സ്ഥലം കർണാടക സർക്കാർ നൽകിയിരുന്നു . ബാംഗളൂർ അതിരൂപതയിലെ കത്തോലിക്ക പുരോഹിതരുടെ നേതൃത്വത്തിൽ കുർബാനയും , ഈസ്റ്റർ നോമ്പ് കാലത്തു കുരിശിന്റെ വഴി തുടങ്ങിയ ആരാധനകളും നടത്തിയിരുന്നു .
എന്നാൽ മത പരിവർത്തനം ആരോപിച്ചു ,ഈ ഗ്രാമത്തിലെ ക്രിസ്താനികൾക്കു എതിരായി സംഘ പരിവാർ സംഘടനകൾ രംഗത്ത് വരികയായിരുന്നു . മലയിലെ ക്രിസ്തു പ്രതിമ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു സമരവും നടത്തി. തുടർന്നാണ് പൊളിച്ചു നീക്കിയത്.
പോലീസിലും പ്രാദേശിക ഭരണ കർത്താക്കൾക്കും മേൽ ബിജെപി ഭരണത്തിന്റെ പിന്തുണയോടെ സമ്മർദ്ദവും ഭീഷണിയും നടത്തിയാണ് പ്രതിമ പൊളിച്ചു നീക്കിയതെന്നു ബാംഗ്ലൂർ അതിരൂപത ആരോപിച്ചു .സമാധാനപരമായി ജീവിക്കുന്ന ക്രിസ്ത്യാനികൾക്ക് നേരെ അതിക്രമങ്ങൾ ആവർത്തിക്കുകയാണെന്ന് ആർച് ബിഷപ്പ് പീറ്റർ മച്ചാഡോ ആരോപിച്ചു കർണാടക സർക്കാർ പ്രശ്‌നത്തിൽ ഇടപെടണം , പൊളിച്ചു മാറ്റിയ ക്രിസ്തു പ്രതിമ പുനഃ സ്ഥാപിക്കണം എന്നും അദ്ദേഹം അവശ്യപ്പെട്ടു.
ബി ജെ പി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം, ക്രിസ്‌ത്യാനികൾക്ക് എതിരായുള്ള സംഭവങ്ങൾ ആവർത്തിക്കുകയാണ് .രണ്ടു മാസങ്ങൾക്കു മുൻപ് കനകപുര താലൂക്കിലെ കപാല ബെട്ടയിലും ക്രിസ്‌ത്യാനികൾക്ക് എതിരായി സംഘ പരിവാർ സമരം നടത്തിയിരുന്നു. തുടർന്ന് സർക്കാർ അനുവദിച്ച പത്തു ഏക്കർ ഭൂമിയിൽ ക്രിസ്തു പ്രതിമയും ആരാധനാലയവും പണിയുന്നത് നിർത്തിവെച്ചിരിക്കുകയാണ് . ഈ പ്രശ്ങ്ങൾ ഇപ്പോഴും പരിഹരിച്ചിട്ടില്ല.