സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ്‌ ബാങ്കിന്‌ അധികാരം നല്‍കുന്ന ബാങ്കിങ്‌ നിയന്ത്രണഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ ആവശ്യപ്പെട്ടു.

സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ്‌ ബാങ്കിന്‌ അധികാരം നല്‍കുന്ന ബാങ്കിങ്‌ നിയന്ത്രണഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ച്ചയിലേക്ക്‌ നയിക്കുന്ന ഈ ഭേദഗതി ബില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്‌. സഹകരണ സ്ഥാപനങ്ങളുടെ പേരിനൊപ്പം ബാങ്ക്‌ എന്ന്‌ വാക്ക്‌ ഉപയോഗിക്കുകയോ, ചെക്കുകള്‍ സ്വീകരിക്കുകയോ ചെയ്‌താല്‍ ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ വരുമെന്നതാണ്‌ ബില്ലിലെ പ്രധാന വ്യവസ്ഥ.

ആര്‍ബിഐയുടെ ഉപാധികള്‍ക്കും പരിധിക്കും അനുസൃതമായി മാത്രമേ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നത്‌ അംഗീകരിക്കാനാകില്ല. സംഘങ്ങളുടെ ഡയറക്‌ടര്‍ ബോര്‍ഡിനെ പിരിച്ചുവിടാനും അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കാനും ആര്‍ബിഐയ്‌ക്ക്‌ അധികാരം നല്‍കുന്നത്‌ ജനാധിപത്യ വിരുദ്ധമാണ്‌. പഞ്ചാബ്‌ - മഹാരാഷ്ട്ര സഹകരണ ബാങ്കുകള്‍ നേരിട്ട പ്രതിസന്ധിയുടെ മറവില്‍ ഇത്തരമൊരു ബില്‍ കൊണ്ടുവരുന്നത്‌ തീര്‍ത്തും ദുഷ്ടലാക്കോടെയാണ്‌.

ജനങ്ങളുടെ വിശ്വാസത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതാണ്‌ കേരളത്തിലെ സഹകരണ മേഖല. ഇത്തരം അനാവശ്യ നിയന്ത്രണങ്ങള്‍ ഈ മേഖലയില്‍ അടിച്ചേല്‍പ്പിക്കുന്നത്‌ കേരളത്തിന്റെ അഭിമാനമായ സഹകരണ രംഗത്തെ തകര്‍ക്കാനേ വഴിവയ്‌ക്കൂ. ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ ബൈലോകളുടെ അടിസ്ഥാനത്തിലാണ്‌ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ബൈലോ അസാധുവാക്കുന്നതിന്‌ ആര്‍ബിഐയ്‌ക്ക്‌ അധികാരം നല്‍കുന്നത്‌ സഹകാരികളോടുള്ള വെല്ലുവിളിയാണ്‌.

സഹകരണ ബാങ്കുകളുടെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്നതിനുള്ള ലക്ഷ്യവുമായാണ്‌ കേന്ദ്ര നീക്കം. ആദായനികുതി നിയമത്തിന്റെ മറവില്‍ നിലവില്‍ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ നടത്തിവരികയാണ്‌. അതിന്‌ പുറമെയാണ്‌ ബൈലോ അസ്ഥിരപ്പെടുത്താനും ബോര്‍ഡ്‌ പിരിച്ചുവിടാനും വ്യവസ്ഥകളോടെയുള്ള പുതിയ നിയമം അടിച്ചേല്‍പ്പിക്കുന്നത്‌. ഇത്‌ പിന്‍വലിച്ച്‌ സഹകാരികളെയും ജനങ്ങളെയും ആശങ്കയിലാഴ്‌ത്തുന്ന നിലപാടില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം ‐ വിജയരാഘവൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

06-Mar-2020