എ. എൻ രാധാകൃഷ്ണനും, എം.ടി രമേശും പദവികൾ ഏറ്റെടുത്തില്ല

കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയതിനെ തുടർന്ന് വീണ്ടും തലപൊക്കിയ ബിജെപിയിലെ ജാതിപോര് മറനീക്കി പുറത്ത് വരുന്നു.  വൈസ് പ്രസിഡന്റ് പദവികളിൽ നിയമിതരായ എ.എൻ രാധാകൃഷ്ണനും, എം.ടി രമേശും പദവികൾ ഏറ്റെടുത്തില്ല. സുരേന്ദ്രന് കീഴിൽ പ്രവർത്തിക്കേണ്ട ഗതികേടൊന്നും വന്നിട്ടില്ല എന്നാണു ഇരുവരുടെയും നിലപാട്. ആർഎസ്എസിലെ രഹസ്യ സംവിധാനമായ ക്ഷേത്രീയ മണ്ഡൽ ബൈഠക്കിന്റെ തീരുമാനപ്രകാരമാണ് ഇരുവരും പദവികൾ ഏറ്റെടുക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ. ബ്രാഹ്മണരും നായർ വിഭാഗത്തിലെ പ്രമാണിമാരും മാത്രമുള്ള സംസ്ഥാനത്തെ ആർഎസ്എസ് ഉന്നത ഘടകമാണ് ക്ഷേത്രീയ മണ്ഡൽ. ഈ സംവിധാനമാണ് സംസ്ഥാനത്തെ തീരുമാനങ്ങൾ എടുക്കുന്നത്.

ഒരു വിഭാഗത്തെ പാടെ ഒഴിവാക്കി സംസ്‌ഥാന ഭാരവാഹികളെ നിയമിച്ചതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ എന്ന നിലയ്ക്കാണ് പുറമേയ്ക്ക് കാര്യങ്ങൾ ബോധപൂർവം വിടുന്നതെങ്കിലും, ജാതി ആണ് പ്രധാന പ്രശ്‌നമെന്ന് തലസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് സമ്മതിക്കുന്നു. കേരളത്തിൽ അത് പ്രകടമാക്കാൻ കഴിയില്ല എന്നത് കൊണ്ട് ശോഭ സുരേന്ദ്രനോടും ചുമതല ഏൽക്കരുത് എന്ന് ആർഎസ്എസ് കർശന നിർദേശം നൽകിയിരിക്കുകയാണ് . ചുമതലകൾ ഏറ്റെടുക്കില്ലെന്ന്‌ മുതിർന്ന നേതാക്കളായ എം ടി രമേശും ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്‌ണനും നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. സംസ്ഥാന വക്താവ്‌ സ്ഥാനം ഏറ്റെടുക്കില്ലെന്ന്‌ എം എസ്‌ കുമാർ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു.

ഗ്രൂപ് പ്രശ്‌നമാക്കി മാധ്യമങ്ങൾ ഈ വിഷയത്തെ അവതരിപ്പിക്കുന്നത് ആർഎസ്എസിനെ പതിവ് പോലെ വെള്ളപൂശാനാണ് എന്ന് വ്യക്തം . ഏതായാലും കെ. സുരേന്ദ്രന്റെ സംസ്ഥാന അദ്ധ്യക്ഷ പദവി ബിജെപിയെ പുതിയ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ആർഎസ്എസ് രഹസ്യ ഗ്രൂപുകളിൽ സുരേന്ദ്രനെ പച്ചയ്ക്ക് ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നു എന്ന നിരവധി പരാതികൾ ആണ് ഇതിനകം സംസ്ഥാന നേതൃത്വത്തിന് കിട്ടിയത്.

06-Mar-2020