ഡിസംബർ 19നുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത 60 പേരുടെ പേരും മേൽവിലാസവും ഫോട്ടോയും ആണ് പ്രസിദ്ധപ്പെടുത്തിയത്

ഉത്തർപ്രദേശിൽ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരുടെ പേരും വിലാസവും ഫോട്ടോയും പരസ്യപ്പെടുത്തിയ യോഗി ആദിത്യനാഥ്‌ സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ്‌ ഹൈക്കോടതി. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസ്‌ ഗോവിന്ദ്‌ മാഥുർ നിരീക്ഷിച്ചു.

ഡിസംബർ 19നുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത 60 പേരുടെ പേരും മേൽവിലാസവും ഫോട്ടോയും ഉൾപ്പെടുന്ന പരസ്യബോര്‍ഡുകള്‍ കഴിഞ്ഞദിവസം ലഖ്‌നൗവിൽ പലയിടത്തും സ്ഥാപിച്ചു. സാമൂഹ്യപ്രവർത്തകൻ സദഫ്‌ജാഫർ, മനുഷ്യാവകാശ കേസുകളിൽ ഹാജരാകാറുള്ള അഭിഭാഷകൻ മുഹമദ്‌ ഷുഹൈബ്‌, മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥൻ എസ്‌ ആർ ധരപുരി തുടങ്ങിയവരുടെ ഫോട്ടോകളും വിവരങ്ങളും ഈക്കൂട്ടത്തിലുണ്ട്‌. എത്രയും പെട്ടെന്ന്‌ പരസ്യബോർഡുകൾ നീക്കം ചെയ്യണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചു. തിങ്കളാഴ്ച വീണ്ടും കേസ് പരി​ഗണിക്കും. പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും എതിരെ ആക്രമണമുണ്ടായേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

 

09-Mar-2020