മധ്യപ്രദേശില്‍ രാഷ്‌ട്രീയ അനിശ്‌ചിതത്വം തുടരുന്നതിനിടെ ജോതിരാദിത്യ സിന്ധ്യ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ നീങ്ങുമെന്ന്‌ സൂചന

മധ്യപ്രദേശില്‍ രാഷ്‌ട്രീയ അനിശ്‌ചിതത്വം തുടരുന്നതിനിടെ ജോതിരാദിത്യ സിന്ധ്യ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ നീങ്ങുമെന്ന്‌ സൂചന. ഇതോടെ നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന സിന്ധ്യയേയും എംഎല്‍എമാരെയും അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമം തുടങ്ങി. സിന്ധ്യയെ പിസിസി അധ്യക്ഷൻ ആക്കുന്നതിൽ വിരോധമില്ലെന്ന്‌ മുഖ്യമന്ത്രി കമൽനാഥ്‌ അറിയിച്ചു. എല്ലാ മന്ത്രിമാരെയും രാജിവെപ്പിച്ച് മന്ത്രിസഭ പുനഃസംഘടന നടത്തി സിന്ധ്യയെ അനുനയിപ്പിക്കാനാണ് നീക്കം. സിന്ധ്യയെ ശിവരാജ്‌ സിങ് ചൗഹാൻ നേരത്തെ ബിജെപിയിലേക്ക്‌ ക്ഷണിച്ചിരുന്നു.

അതേസമയം കഴിഞ്ഞ രാത്രിയിൽ സിന്ധ്യ പ്രധാനമന്ത്രി മോഡിയേയും അഭ്യന്തരമന്ത്രി അമിത്‌ ഷായെയും കണ്ട്‌ ചർച്ച നടത്തിയതായി പറയുന്നു. തനിക്കൊപ്പമുള്ള 17 എംഎൽഎമാരേയും ബംഗളൂരുവിലെ റിസോർട്ടിലേക്ക്‌ മാറ്റിയാണ്‌ സിന്ധ്യ പുതിയ നീക്കങ്ങൾ നടത്തുന്നത്‌.

മധ്യപ്രദേശില്‍ അട്ടിമറി സാധ്യത കണ്ട ബിജെപിയും നീക്കങ്ങള്‍ ചടുലമാക്കി. അമിത് ഷാ നേരിട്ട്‌ ഇടപെട്ടതിനെ തുടർന്ന്‌ 20 മന്ത്രിമാർ രാജിവെച്ചു. സിന്ധ്യക്ക്‌ 18 എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ സാധിച്ചതൊടെ കമല്‍നാഥ് സര്‍ക്കാരിന്റെ നിലനില്‍പ്പു തന്നെ അവതാളത്തിലാണ്‌. ഈ സാഹചര്യത്തിലാണ് കോൺഗ്രസ്‌ അനുനയ നീക്കങ്ങള്‍ ശക്തമാക്കിയത്.

ജോതിരാദിത്യസിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും അദ്ദേഹത്തിന്റെ വിശ്വസ്തനും ആരോഗ്യമന്ത്രിയുമായ തുള്‍സി സിലാവതിനെ പി സി സി അധ്യക്ഷനുമാക്കാമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് ആദ്യം മുന്നോട്ടു വെച്ചതെന്നറിയുന്നു. ഇന്നലെ രാത്രി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടികാഴ്ച നടത്തി. ഒരു തരത്തിലും ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും മാഫിയകളുടെ സഹായത്തോടെയാണ് അട്ടിമറി പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.

230 അംഗ നിയമസഭയിൽ കോൺഗ്രസിന്‌ 114ഉം ബിജെപിക്ക്‌ 107 ഉം എംഎൽഎമാരാണുള്ളത്‌. നാല്‌ സ്വതന്ത്രരുടെയും രണ്ട്‌ ബിഎസ്‌പി അംഗങ്ങളുടെയും ഒരു എസ്‌പി അംഗത്തിന്റെയും പിന്തുണയിലാണ്‌ കമൽനാഥ്‌ സർക്കാർ നിലനിൽക്കുന്നത്‌. ഒന്നരവർഷം മുമ്പ്‌ ‌ സിന്ധ്യയുടെ കടുത്ത എതിർപ്പ്‌ മറികടന്നാണ്‌ കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയത്‌. പിസിസി അധ്യക്ഷനാകണമെന്ന സിന്ധ്യയുടെ ആഗ്രഹവും നടന്നില്ല. രാഹുൽഗാന്ധി ഇടപെട്ട്‌ സിന്ധ്യയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചെങ്കിലും കമൽനാഥും സിന്ധ്യയും പരസ്യ ഏറ്റുമുട്ടൽ തുടർന്നിരുന്നു.

മധ്യപ്രദേശിൽ വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം വിഫലമായതോടെ 20 മന്ത്രിമാർ കഴിഞ്ഞ ദിവസം രാജിവച്ചു. ആറ്‌ മന്ത്രിമാർ അടക്കം ജ്യോതിരാതിദ്യ സിന്ധ്യപക്ഷത്തെ 17 എംഎൽഎമാരെ ബംഗളൂരുവിലേക്ക്‌ കടത്തിയതോടെ മധ്യപ്രദേശിലെ കമൽനാഥ്‌ മന്ത്രിസഭയുടെ നിലനിൽപ്പ്‌ അപകടത്തിലായത്‌.

10-Mar-2020