മാധ്യമ പ്രവർത്തകർ സെൻകുമാറിനെയും സുഭാഷ് വാസുവിനെയും ബഹിഷ്‌ക്കരിച്ചു
അഡ്മിൻ
മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബഹളത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍, ഹാളിലുണ്ടായിരുന്നവര്‍ എഴുന്നേറ്റ് നിന്ന് തടസ്സപ്പെടുത്തിയതാണ് വാര്‍ത്താസമ്മേളനം അലങ്കോലമാകാന്‍ കാരണം.
മുൻ ഡിജിപി ടി പി സെൻകുമാർ ഏഷ്യാനെറ്റ് മാധ്യമപ്രവർത്തകയോട് പ്രകോപിതനായി സംസാരിക്കുകയും കൂടെയുണ്ടായിരുന്നവർ മൊബൈലിൽ ദൃശ്യം പകർത്തുകയും ചെയ്‌തു. കൊല്ലം രാമവർമ ക്ലബിൽ ബുധനാഴ്‌ച ഉച്ചയോടെയണ് സംഭവം. എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള കൂട്ടായ്‌മയായി സുഭാഷ് വാസു സംഘടിപ്പിച്ച യോഗത്തിനാണ് സെൻകുമാർ എത്തിയത്. ഈ യോഗത്തിന്റെ വിവരവും വാർത്താസമ്മേളനം നടത്തുമെന്നും ചില ദൃശ്യ മാധ്യമ പ്രവർത്തകരെ സംഘാടകർ അറിയിച്ചിരുന്നു. അവർ യോഗ ഹാളിൽ എത്തി. ഒരുമണിക്കൂൾ കഴിഞ്ഞിട്ടും സെൻകുമാറിനെ കാണാതായപ്പോൾ മാധ്യമപ്രവർത്തകർ അദ്ദേഹത്തെ ഫൊണിൽ വിളിച്ചു. ‘ഞാൻ വാർത്താ സമ്മേളനം വിളിച്ചിട്ടില്ലെന്നാ’യിരുന്നു മറുപടി.
തുടർന്ന് സുഭാഷ് വാസു മാധ്യമ പ്രവർത്തകരോട് സംസാരിച്ചു തുടങ്ങി. ഇതിനിടെ സെൻകുമാർ എത്തി. വെള്ളാപ്പള്ളിക്കെതിരെയുള്ള വിമർശനങ്ങൾ പറഞ്ഞു. ഈ സമയം, ‘കോവിഡ് വൈറസിന് ചൂടിനെ അതിജീവിക്കാനാവില്ലന്ന്’ നടത്തിയ പരാമർശത്തെക്കുറിച്ച് ഏഷ്യാനെറ്റ് ലേഖിക ചോദിച്ചു. ലേഖികയോട് കയർക്കുകയായിരുന്നു സെൻകുമാർ. അതു തന്റെ അഭിപ്രായമല്ലെന്ന് പ്രകോപിതനായി പറഞ്ഞു. വീണ്ടും മറ്റ് മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ഹാളിലുണ്ടായിരുന്ന ഒരാൾ ലേഖികയുടെ ദൃശ്യം മൊബൈലിൽ പകർത്തി. ഇതിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധിക്കുകയും ലേഖിക മൊബൈൽ പിടിച്ചുവാങ്ങുകയും ചെയ്‌തു. തുടർന്ന് പകർത്തിയ ദൃശ്യം നീക്കം ചെയ്‌തു. തുടർന്ന് മാധ്യമ പ്രവർത്തകർ സെൻകുമാറിനെയും സുഭാഷ് വാസുവിനെയും ബഹിഷ്‌ക്കരിച്ചു.