'അവര്‍ കൂവട്ടെ, ഞങ്ങളുണ്ട് കൂടെ.. ഏത് സഹായത്തിനും വിളിച്ചോളൂ'; കൊറോണയെ തോല്‍പ്പിക്കാന്‍ സര്‍ക്കാരിന് പിന്തുണ
അഡ്മിൻ
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ശക്തമായ മാര്‍ഗനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. കേരളം കൊറോണയെ നേരിടുന്ന രീതി ലോകരാഷ്ട്രങ്ങള്‍ തന്നെ ഉറ്റുനോക്കുകയാണ്.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണ് സര്‍ക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനോട് പൂര്‍ണമായും ജനം സഹകരിക്കുമെന്ന് തെളിയിക്കുകയാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്ന കമന്റുകള്‍.
സ്വയം സന്നദ്ധരായി അനേകം ആളുകളാണ് സര്‍ക്കാരിനൊപ്പം പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുന്നത്. വിദ്യാര്‍ഥികള്‍, ഐടി തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, പ്ലംബര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് പിന്തുണ അറിയിച്ച് ഓരോദിവസവും മുന്നോട്ട് വരുന്നത്. നിയമസഭയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്നതിനിടയില്‍ കൂവി ബഹളം വെച്ച പ്രതിപക്ഷത്തിനുള്ള വിമര്‍ശനങ്ങളും കമന്റുകളില്‍ കാണാം.
സര്‍ക്കാര്‍-ആരോഗ്യ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറായി നില്ക്കുന്നവര് മുന്നോട്ട് വരണമെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. ഇതിനായി സന്നദ്ധ സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുകയുമാണ് സംസ്ഥാന സര്‍ക്കാര്‍. സംഘടനയുടെ ഭാഗമാകാന്‍ താല്പര്യമുള്ളവര്ക്ക് https://bit.ly/2TEhVPK എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറില്‍ മിസ് കാള്‍ ചെയ്തോ രജിസ്റ്റര്‍ ചെയ്യാം. ആവശ്യമായ ട്രെയിനിംഗ് നല്‍കിയതിനും വേണ്ട തയ്യാറെടുപ്പുകള്‍ക്കും ശേഷം മാത്രമായിരിക്കും രജിസ്റ്റര്‍ ചെയ്തവരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നത്.