കോവിഡ് 19 വൈറസിൻ്റെ പശ്ചാത്തലത്തിൽ പൂര്‍ണമായും വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് കമ്പനികൾ മാറുമ്പോൾ ചില മുൻകരുതലുകൾ വേണം

കോവിഡ് 19 വൈറസിൻ്റെ പശ്ചാത്തലത്തിൽ പൂര്‍ണമായും വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് അടിയന്തര സാഹചര്യമുണ്ടായാൽ മാറാൻ സജ്ജമായിരിക്കുകയാണ് സംസ്ഥാനത്തെ ഒട്ടുമിക്ക തൊഴിൽ മേഖലകളും. ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഐടി കമ്പനിയുടെ കൂട്ടായ്മകൾ ഇതിനോടകം എല്ലാ കമ്പനികൾക്കും നിര്‍ദേശവും നൽകി കഴിഞ്ഞു. ഇതോടെ, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ലാപ്ടോപ്പുകൾ, ഫോണുകൾ എന്നിവ കമ്പനികൾ ധാരാളം കരുതേണ്ടി വരും. അതേസമയം, മിക്ക കമ്പനികളും രാജ്യാന്തര യാത്രകൾ ഒഴിവാക്കിയിരിക്കുകയാണ്. പുറത്തുപോയവരോട് ഉടൻ തിരികെ നാട്ടിലെത്താനും നിര്‍ദേശം നൽകിയിട്ടുണ്ട്. വനിതാ ദിനം, ഹോളി തുടങ്ങിയവയുമായി ബന്ധപ്പെട്ട മിക്ക ആഘോഷങ്ങളും കമ്പനികളെല്ലാം ഉപേക്ഷിച്ചിരുന്നു.അടിയന്തര ആവശ്യങ്ങൾക്ക് വിദേശയാത്ര കഴിഞ്ഞു വരുന്ന ജീവനക്കാരോട് 15 ദിവസം വീട്ടിൽ തന്നെ കഴിയാൻ നിര്‍ദേശം, യാത്രകൾക്ക് പകരം വീഡിയോ കോൺഫറൻസിങ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള നിര്‍ദേശം, കുറച്ചു നാളത്തെ അവധിക്ക് ശേഷം തിരികെയെത്തുന്ന ജീവനക്കാരോട് കൊറോണ ബാധിത മേഖലകളിൽ പോയിട്ടില്ലെന്ന സ്വയം സാക്ഷ്യപത്രം വാങ്ങൽ, ജീവനക്കാര്‍ പങ്കെടുക്കുന്ന പൊതുപരിപാടികൾ കഴിവതും ഒഴിവാക്കുക തുടങ്ങിയ തീരുമാനങ്ങളും ഓരോ ഓഫീസും മുന്നോട്ട് വെക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇത്തരത്തിൽ വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്യുമ്പോൾ എന്തൊക്കെയാണ് ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ആസൂത്രണം എങ്ങനെയായിരിക്കണം.

ബാലൻസ്

ഓഫീസിലായാലും വീട്ടിലായാലും ചെയ്യുന്ന ജോലിക്ക് ഒരു ബാലൻസ് വേണം. എപ്പോൾ, എങ്ങനെ ജോലികൾ ചെയ്തു തീര്‍ക്കുമെന്ന കൃത്യമായ ധാരണ വേണമെന്ന് സാരം. ഓഫീസിലെപ്പോലെ ഓര്‍ഗനൈസ്ഡ് ആയി വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുകയില്ലെങ്കിലും തൊണ്ണൂറു ശതമാനമെങ്കിലും നിങ്ങൾക്ക് സ്വന്തമായി ഓര്‍ഗനൈസ്ഡ് ചെയ്യാൻ സാധിക്കണം. ഇന്ന് ഹാര്‍ഡ് വര്‍ക്കിനെക്കാളും മേൽക്കോയ്മ സ്മാര്‍ട്ട് വര്‍ക്കിനാണ്. കൃത്യമായ ജോലിസമയം എന്ന നിബന്ധയ്ക്ക് ഇന്ന് തൊഴിൽ സംസ്കാരത്തിൽ സ്ഥാനമില്ല. ഇണങ്ങുന്ന ജോലി സമയം, വീട്ടിൽ നിന്ന് ജോലി തുടങ്ങിയ രീതികളൊക്കെ ജീവനക്കാരൻ്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതായാണ് പുതിയ പഠനങ്ങൾ പോലും പറയുന്നതെന്ന് മറക്കണ്ട.

വര്‍ക്ക് സ്പെയ്സ്

നിങ്ങളുടെ ജോലി സ്ഥലത്തെ ടേബിളിൽ സൂക്ഷിക്കുന്നതെല്ലാം വീട്ടിൽ സൂക്ഷിക്കാൻ കഴിയില്ലെങ്കിലും അത്യാവശമുള്ളതൊക്കെ ഇവിടെയും വേണം. പഠന സമയത്ത് ഇടക്കിടക്ക് എഴുന്നേറ്റ് പോവാതിരിക്കാനാണ് ഇത്തരം ഐഡിയ പറഞ്ഞിരുന്നതെങ്കിൽ കൃത്യമായി ജോലി ചെയ്യാനാണ് ഇന്ന് ഇവിടെ ഇങ്ങനെ ഒരു ആവശ്യം പറയുന്നത്. പത്രതാളുകളോ പുസ്തകങ്ങളോ ചിന്നി ചിതറി കിടക്കുന്നത് കാഴ്ചക്ക് അത്ര നല്ലതല്ല. പേപ്പറും ഫയലുകളുമൊക്കെ വെക്കാന്‍ സ്റ്റോറേജും ലാപ്ടോപ്പും മറ്റും ഉള്‍ക്കൊള്ളും വിധത്തിലുള്ള മേശയും ഒരുക്കിയിടാം. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ സൂക്ഷിക്കാനായി പ്രത്യേകം ഇടമുണ്ടായിരിക്കണം. വീട്ടിലെ ഓഫീസ് മുറിയില്‍ കൃത്യമായി ലൈറ്റുകള്‍ സെറ്റ് ചെയ്യുന്നതിനൊപ്പം സ്വാഭാവിക വെളിച്ചവും ധാരാളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഫോട്ടോഗ്രാഫുകളോ പ്രിയപ്പെട്ട പുസ്തകങ്ങള്‍ അടുക്കിവച്ച ചെറിയ ലൈബ്രറിയോ മനോഹരമായ ലൈറ്റുകളോ പ്രചോദകനാത്മകമായ ഉദ്ധരണികളോ ഇൻ്റീരിയര്‍ പ്ലാൻ്റുകളോ ഒക്കെ വച്ച് വീട്ടിലെ ഓഫീസ് ഇൻ്റീരിയര്‍ മനോഹരമാക്കി മാറ്റാം.

ബന്ധങ്ങൾ സൂക്ഷിക്കാം

നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെ ഓഫീസുമായി ഇനി ഒരു ബന്ധവും ഇല്ലന്നൊന്നും ചിന്തിച്ച് കളയരുത് കേട്ടോ. ഇവിടെ നിങ്ങളുടെ ജോലി സ്ഥലം മാത്രമേ മാറുന്നുള്ളൂ. ചെയ്യുന്ന വര്‍ക്കും രീതിയും സമയവും ഹാര്‍ഡ് വര്‍ക്കും ഒന്നും മാറുന്നില്ല, എല്ലാം പഴയതുപോലെ തന്നെ. ആയതിനാൽ ആവശ്യം വരുന്നതനുസരിച്ച് മാനേജറയെ, സഹപ്രവര്‍ത്തകരെയോ വിളിക്കാനും സംശയം തീര്‍ക്കാനും മടിക്കരുത്. ഇനി ആവശ്യം ഒന്നും വന്നില്ലെങ്കിലും ബന്ധങ്ങൾ നല്ല രീതിയിൽ തന്നെ സൂക്ഷിക്കണം. അതേസമയം, വീട്ടിലല്ലേ എന്ന് കരുതി അധിക സമയം ഫോണിലും മറ്റും ചിലവഴിച്ച് ജോലി ചെയ്തു തീര്‍ക്കാൻ കഴിയാത്ത ഒരു അവസ്ഥ വരുന്നില്ലെന്നും നിങ്ങൾ തന്നെ ഉറപ്പു വരുത്തണം.

ഇൻ്റര്‍നെറ്റും കറൻ്റും

വര്‍ക്ക് ഫ്രം ഹോം ആരംഭിക്കുന്നതോടൊപ്പം തുടങ്ങുന്ന വലിയ പ്രശ്നമാണ് ഇൻ്റര്‍നെറ്റും കറൻ്റും. മികച്ച ഇൻ്റര്‍നെറ്റ് ലഭിക്കുന്നതിനുള്ള മാര്‍ഗം നിങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിരിക്കണം. ട്രയൽ എന്ന നിലക്ക് ഇത്തരത്തിൽ ജോലി ചെയ്തു നോക്കുന്നതിലും തെറ്റില്ല. അതുപോലെ, ലാപ്ടോപ്പ് എപ്പോഴും ഫുൾ ചാര്‍ജിൽ സൂക്ഷിക്കാനും ശ്രദ്ധിക്കണം. ഇതിനു പുറമേ, ഒരു ദിവസം തുടങ്ങുന്നതിന് അനുസരിച്ച് ചെറിയ ഒരു ടൈംടേബിൾ സൂക്ഷിക്കുന്നതിലും തെറ്റില്ല. രാവിലെ എപ്പോൾ എണീക്കണം, ലോഗിൻ ചെയ്യണം, ജോലി ചെയ്തു തുടങ്ങേണ്ടത് എപ്പോൾ, എത്ര സമയം ജോലി ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും നേരത്തെ തന്നെ ആസൂത്രണം ചെയ്യുകയാണെങ്കിൽ ഓഫീസിലെന്നപ്പോലെ വീട്ടിലിരുന്നും സുഖമായി ജോലികൾ ചെയ്തു തീര്‍ക്കാൻ നിങ്ങൾക്കും കഴിയും.

മടുപ്പ്

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുറച്ചാളുകളുടെ ഫോട്ടോ ജോലി ചെയ്യുന്നതിൻ്റെ എതിര്‍‍വശത്തായി സൂക്ഷിക്കുന്നത് എന്തെന്നില്ലാത്ത ആവേശം നിങ്ങളിൽ ജനിപ്പിക്കും. ജോലി സ്ഥലത്തെ തളര്‍ച്ചകൾ, സങ്കടം, മടി, വഴക്ക് എന്നിവ അകറ്റാനും ഈ ഫോട്ടോഗ്രാഫിന് കഴിയും. തീരെ, തളര്‍ന്നിരിക്കുന്ന സമയത്ത് ഇത്തരം ഫോട്ടോഗ്രാഫുകളിൽ നോക്കുന്നത് വഴി പോസിറ്റിവിറ്റി അനുഭവിച്ചറിയാനും നിങ്ങൾക്ക് സാധിക്കും. അതുപോലെ, വെള്ള കുപ്പി, പേന, പെൻസിൽ, സ്നാക്ക്, ചാര്‍ജര്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ നിങ്ങളുടെ അടുത്തുതന്നെ ഉണ്ടെന്ന് ജോലി തുടങ്ങുന്നതിനു മുൻപ് തന്നെ ഉറപ്പു വരുത്തണേ. മറ്റൊരു പ്രധാന കാര്യം ജോലി സമയത്ത് അനാവശ്യമായ സോഷ്യൽ മീഡിയ യാത്രകൾ ഒഴിവാക്കുക.

അപ്പോൾ വര്‍ക്ക് ഫ്രം ഹോം ഉഷാറാക്കുവല്ലേ...

14-Mar-2020