ഗോമൂത്രത്തിന്റെ ഗുണങ്ങൾ വിവരിച്ച് കൊടുത്തപ്പോൾ സ്വമേധയാ അയാൾ കുടിച്ചതാണെന്ന് ബിജെപി പ്രവർത്തകർ പറയുന്നു
അഡ്മിൻ
കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയിട്ടില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. ഇപ്പോഴും ശാസ്ത്ര ലോകവും ആരോഗ്യ സംഘടനകളും മറ്റും കൊറോണയ്ക്ക് വേണ്ടിയുള്ള മരുന്നിനായുള്ള നെട്ടോട്ടത്തിലാണ്. അതിനിടയിൽ ലോകത്ത് നാൾക്ക് നാൾ കൊറോണ ബാധിതർ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. പലരും കൊറോണ വരാതിരിക്കാനുള്ള മരുന്ന് എന്ന് പറഞ്ഞ് തന്നെ പലതരത്തിലുള്ള കൂട്ടുകളും പരിചയപ്പെടത്തുന്നുണ്ട് താനും. എന്നാൽ ഇത്തരത്തിൽ യാതൊരു മരുന്നും ഇതുവരെ കൊറോണയ്ക്ക് കണ്ടു പിടിച്ചിട്ടില്ല എന്ന് അറിഞ്ഞിരിക്കുക.
ഭീതി പടർത്തി കൊറോണ മുന്നേറുന്നതിനിടയിലാണ് കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്രവുമായി ഹിന്ദു മഹാ സഭ രംഗത്തെത്തിയത്. ഗോമൂത്രവും ചാണക കേക്കും കഴിച്ചാൽ കൊറോണ വരില്ല എന്നായിരുന്നു ഹിന്ദു മഹാസഭയുടെ കണ്ടെത്തൽ. ഇത്തരത്തിൽ ഒരു ഗോമൂത്ര പാർട്ടി തന്നെ ഇവർ നടത്തുകയും ചെയ്തു എന്ന് പറയേണ്ടതില്ലാല്ലോ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല ഔഷധമാണ് ഗോമൂത്രവും ചാണകവുമെന്നാണ് ഇത്തരക്കാർ പ്രചരിപ്പിക്കുന്നത്. പലരും ഇത്തരത്തിലുള്ള വ്യാജ വാർത്തകളിൽ കുടുങ്ങിയവരും ഉണ്ട്.
അസമില്‍ ബിജെപി എംഎല്‍എയായ സുമന്‍ ഹരിപ്രിയ, ഉത്തരാഖണ്ഡിലെ ലക്‌സറില്‍ നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജയ് ഗുപ്ത എന്നിവരാണ് കൊറോണ വൈറസിനെ ചെറുക്കാൻ ഗോമൂത്രം കുടിക്കണമെന്ന് പറഞ്ഞ് പരസ്യമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ഹിന്ദു മഹാസഭ ഗോമൂത്ര സൽക്കാരം നടത്തിയതും.
പശുവിനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാണിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു പരിപാടി. കൊൽക്കത്തയിലും സമാനമായ പരിപാടികൾ നടത്തിയിരുന്നു. പരിപാടിയിൽ ബിജെപിയുടെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തിരുന്നു. ഇതിൽ വെച്ച് ഗോമൂത്രം കുടിച്ചയാൾക്കാണ് എട്ടിന്റെ പണി കിട്ടിയത്.
പരിപാടിയിൽ വെച്ച് ഗോമൂത്രം കുടിച്ചയാൾക്ക് ഗോ മൂത്രം കുടിച്ച ഉടൻ തന്നെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് അദ്ദേഹം ആശുപത്രിയിലാകുകയും ചെയ്തു . തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിജെപി പ്രവർത്തകരെ അറസ്റ്റും ചെയ്തു.
പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഗോമൂത്രത്തിന്റെ ഗുണങ്ങൾ വിവരിച്ച് കൊടുത്തപ്പോൾ സ്വമേധയാ അയാൾ കുടിച്ചതാണെന്നും അല്ലാതെ നിർബന്ധിച്ചിട്ടില്ലെന്നുമാണ് ബിജെപി പ്രവർത്തകർ പറയുന്നത്. എന്തായാലും ഗോമൂത്രവും ചാണക കേക്കും ഒന്നും കൊറോണയെ പ്രതിരോധിക്കാൻ മാത്രം കെൽപ്പുള്ളതല്ല എന്ന് അറിഞ്ഞിരിക്കുക. ഇല്ലെങ്കിൽ ഇതുപോലെ മുട്ടൻ പണി കിട്ടും.