കേരളത്തിന്റെ ആ ചുവന്ന സൂര്യൻ 1998 മാര്‍ച്ച്‌ 19 ന്‌ നമ്മെ വിട്ടുപിരിഞ്ഞു.

ബാലറ്റ് പെട്ടിയിലൂടെ തെരെഞ്ഞടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ നേതാവായിരുന്ന ഇ എം സ് നമ്പൂതിരിപ്പാട് ജനിച്ചത് ഒരു ജൂൺ 13 നായിരുന്നു. പെരിന്തൽമണ്ണയിലെ ഏലംകുളം മനയിൽ 1909 ജൂൺ13 ന് .

കേരള നിയമ സഭയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ഇ.എം.എസ്. പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്‌ കുഞ്ഞുനാളിലെ മരിച്ചു. ‘അമ്മ വിഷ്ണുദത്തയാണ് കുട്ടിയായിരുന്ന ഇ.എം.എസ് നെ പിന്നീട് വളർത്തിയത്. കടുത്ത യാഥാസ്ഥിതിക കുടുംബത്തിലാണ് ഇ.എം.എസ് വളർന്നത്. അച്ഛന്റെ അഭാവത്തിൽ മനയിലെ കാര്യങ്ങൾ നോക്കി നടത്താനെത്തിയ ബന്ധുവായ മേച്ചെരി നാരായണൻ നമ്പൂതിരിപ്പാടിന്റെ പുരോഗമന പരമായ കാഴ്ച്പ്പാടുകൾ ഇ.എം.എസ് നെയും കാര്യമായി സ്വാധീനിച്ചു. എഴുത്ത്, വായന, കണക്ക് എന്ന പതിവ് രീതി വിട്ടു സംസ്‌കൃതമാണ് കുട്ടി ശങ്കരൻ ആദ്യം പഠിച്ച് തുടങ്ങിയത്. ആദ്യമായി മലയാളത്തിൽ എഴുതുന്നത് പതിനാലാമത്തെ വയസ്സിലാണ്. 1925 ജൂണിൽ പെരിന്തൽമണ്ണ ഹൈസ്ക്കൂളിൽ മൂന്നാം ഫോറത്തിൽ ചേർന്നു. ഹൈസ്ക്കൂൾ പഠനകാലത്ത് ശങ്കരൻ അങ്ങാടിപ്പുറത്തു നടന്ന യോഗക്ഷേമ സഭയുടെ ഇരുപതാം സമ്മേളനത്തിൽ സന്നദ്ധ പ്രവർത്തകനായി പങ്കെടുക്കുകയുണ്ടായി. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളോടുള്ള താത്പര്യം ആ കുട്ടിയിൽ ഉദയംകൊണ്ടിരുന്നു.

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ ഇ.എം.എസ് എഴുത്തിന്റെ ലോകത്തിലേക്കു കടന്നിരുന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു. പിന്നീട് കോൺഗ്രസ്സിലെ ഇടതു പക്ഷക്കാർ ചേർന്ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കേരള സംസ്ഥാനത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ ഇ.എം.എസ് ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌. കേരളത്തിന്റെ ആ ചുവന്ന സൂര്യൻ 1998 മാര്‍ച്ച്‌ 19 ന്‌ നമ്മെ വിട്ടുപിരിഞ്ഞു.

19-Mar-2020