അസാധാരണ സാഹചര്യം, ജാഗ്രത കൂട്ടണം: മുഖ്യമന്ത്രി

കോവിഡ്‌ 19 വ്യാപനത്തിന്റെ ഭാഗമായുള്ള സാഹചര്യം അസാധാരണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിന്‌ ജനപ്രതിനിധികളുമായി വിക്‌ടേഴ്‌സ്‌ ചാനൽവഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മന്ത്രി എ സി മൊയ്‌തീൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്‌.

ചെറിയ പിഴവ്‌ പോലും ഇപ്പോഴത്തെ സ്ഥിതി വഷളാക്കാൻ ഇടയുണ്ട്‌. ഈ സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ അതീവ ജാഗ്രതയോടെ ഇടപെടണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. ഓഫീസുകൾ പൊതുസ്ഥലങ്ങൾ, ബസ്‌സ്‌റ്റാൻഡ്‌, മാർക്കറ്റ്‌ എന്നിവിടങ്ങൾ നല്ല രീതിയിൽ ശുചീകരണം ഉറപ്പുവരുത്തണം. ആറ്റുകാൽ പൊങ്കാലയിൽ എല്ലാം പ്രവർത്തിച്ചപോലെ മറ്റിടങ്ങളിലും പ്രവർത്തനങ്ങൾ വേണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണം. അവരെ തടങ്കലില്‍ താമസിപ്പിക്കുന്നു എന്ന തോന്നലുണ്ടാക്കരുത്. അതിനാലാണ് ക്വാറന്റൈന്‍ എന്ന വാക്കിന് പകരം കെയര്‍ ഹോം എന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കപ്പെട്ടു. ഇത്തരത്തിലുള്ള ജാഗ്രത തുടരണം. മരുന്നുകള്‍, പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഇവയിലൊക്കെ തദ്ദേശസ്ഥാപനങ്ങളുടെയും ശ്രദ്ധവേണം. പൂഴ്ത്തിവെപ്പ് പോലുള്ള ദുഷ്പ്രവണതകള്‍ തടയാന്‍ സാധിക്കണം. സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളില്‍ പലര്‍ക്കും തൊഴിലില്ല. അവര്‍ കൂട്ടം കൂടിനില്‍ക്കാന്‍ സാധ്യതയുണ്ട്. രോഗവ്യാപനം തടയാന്‍ അവരെ ബോധവത്കരിക്കല്‍ പ്രധാനമാണ്. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. ഇന്ത്യയില്‍ ആകെയുള്ള 6,50,000 ആശുപത്രികിടക്കകളില്‍ ഒരു ലക്ഷവും കേരളത്തിലാണ്. അതുകൊണ്ട് ഏത് വയോജനങ്ങളോടും കൂടുതല്‍ കരുതല്‍ വേണം. പെയിന്‍ ആന്റ് പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാകും. തീരദേശവാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ ഇവരെല്ലാം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലും ബോധവത്കരണം ശക്തമായി നടക്കണം.

ആരേയും ഒറ്റപ്പെടുത്തുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. ചില സംഭവങ്ങൾ നാടിനുതന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്‌. ഭീതി പടർത്തുന്ന രീതിയിലാകരുത്‌ ഇടപെടലുകൾ. അതിഥി തൊഴിലാളികൾക്ക്‌ പണിയില്ലാത്ത സാഹചര്യമുണ്ട്‌. അവരെക്കൂടി പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമാക്കണം - മുഖ്യമന്ത്രി പറഞ്ഞു.

19-Mar-2020