20,000 കോടിയുടെ കോവിഡ് പാക്കേജുമായി കേരളം; എല്ലാവര്‍ക്കും സൗജന്യ റേഷന്‍; ഏപ്രിലിലെ പെന്‍ഷന്‍ ഈ മാസം നല്‍കും

കോവിഡ്- 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ നല്‍കേണ്ട പെന്‍ഷന്‍ ഈ മാസം നല്‍കുമെന്നും സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്ന് ആറ് മണിക്ക് നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോ ടാക്‌സി ഫിറ്റ്‌നസ് ചാര്‍ജില്‍ ഇളവ് നല്‍കും. പരീക്ഷകളില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

അതേസമയം, കേരളത്തില്‍ ഒരാള്‍ക്കു കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. 31,173 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 237 പേര്‍ ആശുപത്രിയിലാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

500 കോടിയുടെ ആരോഗ്യപാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 25 രൂപയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ഭക്ഷണം 20 രൂപയ്ക്ക് നല്‍കും. ഹോട്ടലുകള്‍ ഉടന്‍ തുറക്കും.
എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷന്‍ നല്‍കും.

കുടുംബശ്രീ മുഖേന രണ്ടായിരം കോടി രൂപ വായ്പ എടുക്കാം. 1000 ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. എല്ലാ കുടിശ്ശിക തുകയും ഏപ്രിലില്‍ നല്‍കും. ബസുകള്‍ക്ക് സ്റ്റേജ് ചാര്‍ജിന് ഒരു മാസത്തെ ഇളവുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.'ശാരീരിക അകലം സാമൂഹിക ഒരുമ' ഇതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു

കോവിഡ്‌ –-19 അസാധാരണ സാഹചര്യമാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്നും ഓരോ നിമിഷവും ജാഗ്രത പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ പിടിവിട്ടുപോകുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ കേന്ദ്രീകരിക്കേണ്ടതോ വിദഗ്ധരുടെ കൈകളിൽ ഒതുങ്ങേണ്ടതോ അല്ല. ഏറ്റവും ഇടപെടാനാകുന്നത്‌ തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്‌. ഒരു നിമിഷം പാഴാക്കാതെ ഒരു പഴുതും അവശേഷിപ്പിക്കാതെയുള്ള നിരന്തര ഇടപെടലാണ്‌ വേണ്ടതെന്ന്‌ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് നൽകിയ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യവ്യാപനം എന്ന രണ്ടാംഘട്ടത്തിൽ രോഗബാധ പ്രതീക്ഷിക്കാത്ത തരത്തിൽ വർധിക്കാൻ സാധ്യത ഏറെയാണ്. പല സംവിധാനങ്ങളും കൂട്ടിയോജിപ്പിക്കേണ്ടിവരും.


അടുത്ത ഘട്ടത്തിൽ വന്നേക്കാവുന്ന പ്രശ്നം നിരീക്ഷണത്തിനുള്ളവരെ താമസിപ്പിക്കാനുള്ള സൗകര്യത്തിന്റെ അപര്യാപ്തതയാണ്. ഹോസ്റ്റൽ, കോളേജുകൾ, സ്കൂളുകൾ, ലോഡ്ജുകൾ, പ്രവർത്തിക്കാത്ത ആശുപത്രികൾ, താമസമില്ലാത്ത വീടുകൾ എന്നിവയുടെയെല്ലാം പട്ടിക തയ്യാറാക്കണമെന്ന്‌ മുഖ്യമന്ത്രി നിർദേശിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിനപ്പുറമുള്ള അവസ്ഥ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് ഓരോ ജനപ്രതിനിധിയുടെയും കടമയാണ്. ഐസൊലേഷനിലുള്ളവരുടെ സംരക്ഷണം പ്രാദേശിക ഭരണസംവിധാനത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി കമ്യൂണിറ്റി കൗൺസലിങ്ങും വേണം.

വീടുകളിലെത്തി കൗൺസലിങ് ചെയ്യുന്നതിന് കമ്യൂണിറ്റി വളന്റിയർമാരെ നിയോഗിക്കുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യാനും അവശ്യ മരുന്നുകൾ നൽകാനുമുള്ള ചുമതല അവർക്ക്‌ നൽകണം. ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, ബസ്‌ സ്റ്റാൻഡ്, മാർക്കറ്റ് മുതലായ സ്ഥലങ്ങൾ ശുചീകരിക്കണം. ഉപയോഗിച്ച മാസ്കുകൾ നശിപ്പിക്കാൻ സൗകര്യമൊരുക്കേണ്ടത് പ്രാദേശികതലത്തിലാണ്. എടിഎം മെഷീൻ, ലിഫ്റ്റുകൾ തുടങ്ങിയവയിൽ സാനിറ്റൈസർ ഉറപ്പാക്കണം. കല്യാണ മണ്ഡപങ്ങളും ഹാളുകളും ബുക്ക് ചെയ്‌തവർക്ക്‌ അഡ്വാൻസ്‌ തുക തിരിച്ചുലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മന്ത്രി എ സി മൊയ്‌തീൻ, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

20-Mar-2020