ജാഗ്രത പാലിക്കേണ്ട മിനിമം ഭയമെങ്കിലും തോന്നണം.

കാസർഗോഡ് മുസ്ലിം ലീഗ് - കോൺഗ്രസ്സ് പ്രവർത്തകരുടെയും യുഡിഎഫ് നേതാക്കളുടെയും വ്യാജ പ്രചാരണമാണ് സ്ഥിതി വഷളാക്കിയത് എന്ന് ഏറെക്കുറെ തെളിഞ്ഞ സാഹചര്യത്തിൽ അഭിജിത് ബാലസുബ്രമണ്യത്തിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു. 

https://www.facebook.com/story.php?story_fbid=3084251758265519&id=100000421765736

സർക്കാരിന്റെ പി.ആർ സ്റ്റണ്ടിനപ്പുറം കൊറോണയെ പേടിക്കേണ്ടതായില്ലെന്ന പ്രചരണം കേരളത്തിന്റെ ചിലയിടങ്ങളിലെങ്കിലും ഉണ്ടായെന്നാണ് പല ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്നുമറിയുന്നത്. ഈ പ്രചാരണമാണ് ആരോഗ്യ വകുപ്പ് കർശന ഐസൊലേഷൻ നിർദ്ദേശിച്ച ആളുകൾ പോലും നാട്ടിൽ തോന്നുംപടി നടക്കാൻ കാരണമായത്. ലോകം കോവിഡ് 19 ഭീതിയിൽ മറ്റുള്ളതെല്ലാം മാറ്റി വച്ച് അതിജാഗ്രത പുലർത്തുമ്പോഴാണ് ഇവിടെ ഇങ്ങനെയൊക്കെ നടക്കുന്നത് എന്നതാണ് സങ്കടകരം.

ചൈന ഒഴികെ ലോകത്ത് കോവിഡ് സ്ഥിരീകരിച്ച ഒരു രാജ്യത്തിനും ആ ഭീഷണിയെ അതിജീവിക്കാനായിട്ടില്ല. ചൈന അതിജീവിച്ച വഴിയിലൂടെ ലോകത്ത് മറ്റൊരു രാജ്യത്തിനും കൊറോണയെ അതിജീവിക്കാനുമാകില്ല. ഒരു ജനാധിപത്യ രാജ്യത്ത് നടപ്പിലാക്കുന്നതിനെ കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാകാത്ത സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അവർ അത് സാധ്യമാക്കിയത്. പ്രൈവസിയേക്കാൾ മൂല്യം മനുഷ്യ ജീവനാണെന്ന് പ്രഖ്യാപിച്ച്, കൊറോണയൊക്കെ വരുന്നതിന് മുമ്പ് തന്നെ ഉണ്ടായിരുന്ന 30 മില്യൻ ഫേഷ്യൽ ഡിറ്റക്ഷൻ ക്യാമറകൾ അടങ്ങുന്ന സിറ്റിസൻ സർവൈലൻസ് സിസ്റ്റവും ബിഗ് ഡാറ്റ, മെഷ്യൻ ലേർണിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വികസിപ്പിച്ച് എടുത്ത 'കൊറോണ ക്ളോസ് ഡിറ്റക്ഷൻ' ആപ്പും കൂടാതെ ഡ്രോണുകൾ അടക്കമുള്ളവയും ഉപയോഗപ്പെടുത്തിയാണ് ചൈന കൊറോണയെ നേരിട്ടത്. പൂർണ്ണമായും സാങ്കേതിക വിദ്യ ഉപയോഗിച്ച് ചൈന ജയിച്ച യുദ്ധത്തിന്റെ മുന്നണിയിൽ ഇപ്പോഴുള്ളത് ഇറ്റലിയും സ്‌പൈനും ഇറാനുമൊക്കെയാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ അധികം ദൂരെയല്ലാതെയുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളോട് ഏറ്റവും മോശമായ ഒരു സാഹചര്യത്തെ നേരിടാൻ ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകിക്കഴിഞ്ഞു.

നമ്മുടെ രാജ്യത്തും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. മുംബൈ, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളൊക്കെ ശൂന്യമായി തുടങ്ങി. രാജ്യത്തെ പല സംസ്ഥാനങ്ങളും പൊതുഗതാഗത സംവിധാനങ്ങൾക്ക് പൂർണ്ണമായോ ഭാഗികമായോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. യുദ്ധ സമാനമായ സഹാചര്യമാണെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞു.

അപ്പോഴാണ് ഇവിടെ ഈ കേരളത്തിൽ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ എന്തിന് വേണ്ടിയോ അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുന്നത്. ഒരു കൂട്ടം മനുഷ്യർ പൊതുസമൂഹത്തോട് യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ ഹോം ഐസൊലേഷനുകളിൽ നിന്നുമിറങ്ങി ജനകൂട്ടത്തിൽ ഇടപഴകുന്നത്. എയർപോർട്ടുകളിൽ ഒരു മണിക്കൂർ ക്യൂ പോലും നിൽക്കാനാവില്ലെന്ന് പരാതി പറയുന്നത്. ആരോഗ്യ വകുപ്പിന് എതിരെ വ്യാജ വാർത്തകൾ പരത്തുന്നത്.

ലോകത്ത് ഈ കഴിഞ്ഞ 24 മണിക്കൂറിൽ ആയിരത്തിലേറെ മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. ജാഗ്രത പാലിക്കേണ്ട മിനിമം ഭയമെങ്കിലും തോന്നണം. ഇല്ലെങ്കിൽ മിനിറ്റ് ബൈ മിനിറ്റ് അപ്‌ഡേറ്റ് ആകുന്ന ഡെത്ത് ടോൾ സംഖ്യകളിലേക്ക് ഒന്ന് നോക്കണം. അതിലേക്ക് കൂട്ടിചേർക്കപ്പെടുന്ന ഓരോ മരണവും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു എന്നു കരുതണം.

21-Mar-2020