എല്ലാവരും ഗള്‍ഫില്‍ നിന്നും വന്നവര്‍
അഡ്മിൻ
പന്ത്രണ്ടുപേര്‍ക്ക് കൂടി സംസ്ഥാനത്ത് കോവിഡ്19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരില്‍ മൂന്നും കാസര്‍കോട് ആറും എറണാകുളത്ത് മൂന്ന് പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ആകെ 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പുതിയതായി രോഗം സ്ഥിരീകരിച്ചവരെല്ലാം ഗള്‍ഫില്‍ നിന്നും വന്നവരാണ്. ആകെ 53,013 ആളുകള്‍ നിരീക്ഷണത്തിലുണ്ട്. 52,785 പേര് വീടുകളിലും 228 പേര് ആശുപത്രികളിലാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3,716 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 2,566 എണ്ണത്തില്‍ രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചു.
ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മതനേതാക്കള്‍ ഒരുമടിയുമില്ലാതെ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 31 വരെ ഊട്ട് നേര്‍ച്ച, ധ്യാനം, കണ്വെന്ഷന് എന്നീ മുഴുവന്‍ ഒത്തുചേരല്‍ ആഘോഷങ്ങളും ഒഴിവാക്കണമെന്ന് എറണാകുളം- അങ്കമാലി മേജര്‍ ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് യാതാരു വിലയും നല്കാത്തവരും സമൂഹത്തിലുണ്ടെന്നും ചില ആരാധനാലയങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നുവെന്നും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വീണ്ടും അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
നിരുത്തരവാദത്തിന്റെ വലിയ ദൃഷ്ടാന്തം കാസര്‍കോട് നാം അനുഭവിച്ചതാണ്. രോഗബാധിതന് തന്റെ ഇഷ്ടപ്രകാരം നാടാകെ സഞ്ചരിക്കുകയായിരുന്നു. കൗണ്‍സിലിംഗ് നടത്തി വിവരം ശേഖരിച്ചപ്പോഴും അവ്യക്തത. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ വെട്ടിച്ച് സമൂഹത്തിന് വിപത്ത് പകരുന്നവരെ ന്യായീകരിക്കുകയോ അവരുടെ വാദങ്ങളെ അവതരിപ്പിക്കാന്‍ അവസരം നല്‍കുകയോ മാധ്യമങ്ങള്‍ ചെയ്യരുത്.
എല്ലാവര്ക്കും വേണ്ടിയാണ് ക്രമീകരണങ്ങള്‍. പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. നമ്മുടെ സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ഉറക്കമൊഴിച്ചിരിക്കുന്ന ഒരു വിഭാഗമുണ്ടെന്ന് മനസിലാക്കണം. വീട്ടില്‍ കൂടുതല്‍ അംഗങ്ങളുള്ളവര്‍ വീട്ടിലേക്ക് പോകാതെ പ്രത്യേക കേന്ദ്രത്തില്‍ ജീവിക്കുക.
രോഗ നിര്‍ണയ സംവിധാനം വിപുലമാക്കും. അവശ്യ സേവനങ്ങള്‍ ഉറപ്പിക്കാന്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തേക്കുള്ള ചരക്കുവണ്ടികള്‍ തടയില്ലെന്ന് തമിഴ്നാട് അറിയിച്ചു. ചരക്ക് ഗതാഗതം തടയുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അതില്‍ കുറിച്ച് ആശങ്കയുണ്ട്. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണം. ആശുപത്രിയില്‍ വരുന്ന ആളുകള്‍ പരിശോധന കൃത്യമായി നടക്കുന്നു എന്ന് ഉറപ്പ് വരത്തണം.
വിദേശത്തുനിന്ന് ആളുകള്‍ എയര്‍പോര്‍ട്ടിലെത്തിയാല്‍ ഡിക്ലറേഷനില്‍ ഒപ്പിടണം. ഇല്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും. എത്ര കരുതല്‍ പാലിക്കണമെന്ന് പറഞ്ഞാലും അതില്‍ നിന്നും ഒഴിവാകാനാണ് ചിലര്‍ ശ്രമിക്കുന്നത്.നവമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ രോഗവ്യാപനം തടയുന്നതിന് സഹായകരമായ പ്രചരണമാണ് ഏറ്റെടുക്കേണ്ടത്. മറ്റ് ഒരജണ്ടയും വേണ്ട. ഭക്ഷണ സാധനങ്ങള്‍ എല്ലായിടത്തും സ്റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മലേഷ്യയിലെ കോലാലംപൂരില്‍ കുടുങ്ങിയ 250 ഓളം വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ വിദേശമന്ത്രിയോട് അഭ്യര്‍ഥിച്ചു. ബാങ്കില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ എടിഎമ്മില്‍ പണമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ബാങ്കുകളേട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ രോഗസ്ഥിതി തൃപ്തികരമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു
21-Mar-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ