ജനതാ കർഫ്യൂവിനെ പിന്തുണച്ചുള്ള തമിഴ് സൂപ്പർ താരം രജനീകാന്തിന്റെ ട്വീറ്റ് നീക്കം ചെയ്‌ത് ട്വിറ്റർ

ജനതാ കർഫ്യൂവിനെ പിന്തുണച്ചുള്ള തമിഴ് സൂപ്പർ താരം രജനീകാന്തിന്റെ ട്വീറ്റ് നീക്കം ചെയ്‌ത് ട്വിറ്റർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നു വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് നടന്റെ ഔദ്യോഗിക അക്കൗണ്ടിലെ ട്വീറ്റ് നീക്കം ചെയ്‌തത്. കൊറോണ വൈറസിന്റെ സാമൂഹ്യവ്യാപനം തടയാൻ 14 മണിക്കൂർ എല്ലാവരും വീട്ടിലിരിക്കണമെന്നും 12–14 മണിക്കൂർ നേരത്തേക്കേ വൈറസിന് ആയുസുണ്ടാകുകയുള്ളൂവെന്നും താരം വീഡിയോയിൽ പറയുന്നുണ്ടായിരുന്നു.

കോവിഡ് ഇന്ത്യയിൽ മൂന്നാംഘട്ടത്തിലേക്കു കടക്കുന്നതു ചെറുക്കുന്നതിനായി പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജനതാ കർഫ്യൂ ആചരിക്കുകയാണ്. ഇറ്റലിയിലും ഇതുപോലെ ശ്രമിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ നിസഹകരണം കാരണം കർഫ്യൂ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇത് കോവിഡ് പടർന്നു പിടിക്കുന്നതിനും ആയിരങ്ങളുടെ ജീവൻ നഷ്ട‌മാകുന്നതിനും ഇടയാക്കിയെന്നും താരം വിഡിയോയിൽ പറയുന്നു. ഇന്ത്യയിൽ അത്തരമൊരു പ്രതിസന്ധി ഉണ്ടാകാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.

അതുകൊണ്ടു തന്നെ ജനതാ കർഫ്യൂ എല്ലാവരും നിർബന്ധമായും പാലിക്കുകയും സാമൂഹിക അകലം സൂക്ഷിക്കുകയും വേണം. ഈ നിർണായക ഘട്ടത്തിലും നമുക്കായി പ്രയത്നിക്കുന്ന ഡോക്‌ടർമാർ, നഴ്സുമാർ, ആരോഗ്യരംഗത്തെ ജീവനക്കാർ എന്നിവർക്കായി വൈകുന്നേരം 5 മണിക്ക് അഭിനന്ദനം, പ്രത്യേക പ്രാർഥന എന്നിവ നടത്തുകയും അവരോടുള്ള നന്ദി പ്രകടിപ്പിക്കുകയും വേണമെന്നും വിഡിയോയിൽ അദ്ദേഹം പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ അശാസ്ത്രീയമാണെന്നും 14 മണിക്കൂർ മാത്രം വീടിനുള്ളിൽ കഴിഞ്ഞാൽ വൈറസിന്റെ സാമൂഹ്യവ്യാപനം തടയാമെന്നു കരുതുന്നതു വിഡ്ഢിത്തമാണെന്നും പലരും ചൂണ്ടിക്കാട്ടി. ഇതോടെയാണു വിഡിയോ ട്വിറ്റർ നീക്കം ചെയ്‌തത്.

നടൻ കമൽഹാസനും ജനതാ കർഫ്യൂവിനു പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്‌തിരുന്നു. വീടിനുള്ളിൽ ഇരിക്കാൻ സമയം കണ്ടെത്തുന്നതോടെ വൈറസിന്റെ വ്യാപനത്തിൽ നിന്ന് നിങ്ങളെയും നിങ്ങളുെട പ്രിയപ്പെട്ടവരെയും നിങ്ങൾ സംരക്ഷിക്കുകയാണ് എന്നായിരുന്നു കമൽഹാസന്റെ വിഡിയോ സന്ദേശം. വീടിനുള്ളിൽ കഴിയുമ്പോഴും സുരക്ഷിതരായിരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു. ചലച്ചിത്ര–സാമൂഹ്യ രംഗത്തെ പ്രമുഖരും ജാഗ്രതാ സന്ദേശങ്ങളുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

22-Mar-2020